SHARE

ട്വന്റി – ട്വന്റിയിലെ ഒന്നാം റാങ്കുകാരെന്ന മേന്‍മയോ. നാട്ടില്‍ നടക്കുന്ന മത്സരമെന്ന അനുകൂല സാഹചര്യമോ ഒന്നും പാകിസ്ഥാനെ തുണച്ചില്ല. ട്വന്റി-ട്വന്റി പരമ്പരയിലെ അവസാന മത്സരവും ജയിച്ച് സന്ദര്‍ശകരായ ശ്രീലങ്ക പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ 13 റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചത്.

ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 എഴു റണ്‍സെടുത്തു. നാലു വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ 48 പന്തില്‍ നിന്നും 78 റണ്‍സെടുത്ത ഓഷാഡയാണ് കരകയറ്റിയത്. ശ്രീലങ്കന്‍ നിരയില്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. പാകിസ്ഥാനു വേണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും മറികടക്കാനായില്ല. 20 ഓവറില്‍ ഏഴുവിക്കറ്റിന് 134 റണ്‍സ് ആയിരുന്നു പാകിസ്ഥാന്റെ സ്‌കോര്‍. ഹാരിസ് സൊഹൈല(52) ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 27 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി വാനിന്‍ഡു ഹസരംഗ മൂന്നും ലാഹിരു കുമാര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പ്രധാന താരങ്ങളില്‍ പലരും വിട്ടുനിന്നിട്ടും കുട്ടിക്രിക്കറ്റിലെ ഒന്നാം റാങ്കുകാരെ അവരുടെ മണ്ണില്‍ മുട്ടു കുത്തിക്കാന്‍ കഴിഞ്ഞത് ശ്രീലങ്കയ്ക്ക് നേട്ടമാണ്‌