SHARE

ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന വീരേന്ദർ സേവാഗും പാകിസ്ഥാൻ ഓൾ റൗണ്ടർ ഇതിഹാസം ഷഹീദ് അഫ്രീദിയും ക്രിക്കറ്റ് കളത്തിൽ വീണ്ടും നേർക്കുനേർ വരുന്നു. യു എ യിൽ വരുന്ന ഡിസംബറിൽ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലാണ് ഇരുവരുടേയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടുക.

ഡിസംബർ 14 മുതൽ 17 വരെ യു എ ഇ യിലാണ് പ്രഥമ ടി 10 ക്രിക്കറ്റ് ലീഗ് നടക്കുന്നത്. 90 മിനുറ്റുകളിൽ അവസാനിക്കുന്ന 10 വീതം ഓവറുകളുള്ള മത്സരങ്ങളാണ് ടി10 ക്രിക്കറ്റ് ലീഗിന്റെ പ്രത്യേകത. ടൂർണമെന്റിന്റെ തുടക്ക ദിവസം തന്നെയാണ് സേവാഗിന്റെ ടീമായ മറാത്ത അറേബ്യൻസും, ഷഹീദ് അഫ്രീദിയുടെ പാക്തൂൺസും ഏറ്റുമുട്ടുക. ഇരുവരും അവരുടെ ടീമുകളുടെ നായകന്മാരുമാണ്.

കളിച്ചു കൊണ്ടിരുന്ന സമയത്ത് ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും ഒരിക്കൽക്കൂടി പരസ്പരം മത്സരിക്കുന്നത് കാണാനുള്ള ഭാഗ്യമാണ് ടി10 ലീഗിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചിരിക്കുന്നത്. സേവാഗിനെ കൂടാതെ അലക്സ് ഹെയിൽസ്, മൊഹമ്മദ് ആമിർ, ലെന്റൽ സിമ്മൺസ് എന്നിവരും മറാത്ത അറേബ്യൻസ് ടീമിലുണ്ട്. പാക്തൂൺസിന്റെ മറ്റ് പ്രധാന താരങ്ങൾ തമീം ഇഖ്ബാൽ, ഡ്വെയ്ൻ സ്മിത്ത്, അഹമ്മദ് ഷഹ്സാദ്, മൊഹമ്മദ് നബി എന്നിവരാണ്. മറാത്ത അറേബ്യൻസും പാക്തൂൺസും അടക്കം 6 ടീമുകൾ മത്സരിക്കുന്ന ടി10 ലീഗിന്റെ പ്രധാന സംഘാടകർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്