SHARE

മഴയെത്തുടർന്നും, വെളിച്ചക്കുറവ് മൂലവും, ഔട്ട്ഫീൽഡിലെ നനവ് കാരണവുമൊക്കെ ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കുന്നത് നാം പതിവായി കാണാറുള്ളതാണ്. ഇപ്പോളിതാ കൗതുക കാരണത്താൽ ഉപേക്ഷിച്ചിരിക്കുകയാണ് അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഇന്നലെ ടീം അബുദാബിയും, ഡെക്കാൺ ഗ്ലാഡിയേറ്റേഴ്സും ഏറ്റുമുട്ടിയ മത്സരം. സംഘാടകരുടെ പിടിപ്പുകേടാണ് അപൂർവ്വ കാരണത്താൽ ഈ മത്സരം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.

ഡെക്കാൺ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം അബുദാബി നിശ്ചിത 10 ഓവറുകളിൽ 118/4 എന്ന മികച്ച സ്കോറാണ് നേടിയത്. മികച്ച രീതിയിൽ ചേസിംഗ് തുടങ്ങിയ ഡെക്കാൺ 2.2 ഓവറിൽ 25/1 എന്ന സ്കോറിൽ നിൽക്കേ കളി ഉപേക്ഷിക്കുകയായിരുന്നു. മഴ, ഭീഷണിയായെത്തിയ മത്സരത്തിൽ ടീമുകൾക്ക് ആവശ്യമായ ഡക്ക് വർത്ത് ലൂയിസ് ഷീറ്റുകൾ നൽകാൻ സംഘാടകർക്ക് കഴിയാതിരുന്നതായിരുന്നു മത്സരം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്. ആദ്യം മഴ മൂലം തടസപ്പെട്ട മത്സരം പിന്നീട് ഉപേക്ഷിച്ചതിന് കാരണവും മഴ തന്നെയാണെന്ന് ആദ്യം കരുതപ്പെട്ടിരുന്നെങ്കിലും അതല്ല, ഡി എൽ എസ് ഷീറ്റുകൾ ടീമുകൾക്ക് നൽകാൻ സംഘാടകർക്ക് കഴിയാതിരുന്നതാണ് കളി ഉപേക്ഷിച്ചതിന് കാരണമെന്ന് പിന്നീടാണ് വ്യക്തമായത്.

മഴനിയമമായ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഓരോ ഓവറിലും ജയിക്കാൻ ടീമുകൾ നേടേണ്ട റൺസ് വ്യക്തമാക്കുന്ന ഡി എൽ എസ് ഷീറ്റ്, പ്രിന്റൗട്ടിന്റെ ദൗർലഭ്യം മൂലം ടീമുകൾക്ക് നൽകാൻ സംഘാടകർ പരാജയപ്പെട്ടതും, അതിനെത്തുടർന്ന് ഒരു മത്സരം ഉപേക്ഷിക്കേണ്ടി‌ വന്നതും ടി10 ക്രിക്കറ്റ്‌ലീഗിന് വലിയ നാണക്കേടാണ് സമ്മാനിക്കുന്നത്. ക്രിക്കറ്റ് പ്രേമികളും മത്സരം ഉപേക്ഷിക്കാനുള്ള കാരണം കണ്ട് ഞെട്ടിയിരിക്കുകയാണ്.