SHARE

കട്ടക്കില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന ആദ്യ ടി ട്വന്റി മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്. 15 റണ്‍സ് കൂടി നേടാനായാല്‍ അന്താരാഷ്ട്ര ടി ട്വന്റിയില്‍ 1500 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത് മാറും.

ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇരട്ടസെഞ്ചുറിയടിച്ച രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ചുറികള്‍ നേടുന്ന ഏക കളിക്കാരാനായി മാറിയിരുന്നു. നിലവില്‍ വിശ്രമത്തിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രമാണ് ടി ട്വന്റിയില്‍ 1500 തികച്ച ഏക ഇന്ത്യക്കാരന്‍. 55 മത്സരങ്ങളില്‍ നിന്നായി 52.86 ശരാശരിയില്‍ 1956 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. ടി ട്വന്റിയില്‍ മികച്ച ശരാശരിയും ഇപ്പോള്‍ വിരാടിന്റേതാണ്.

ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന് (70 മത്സരങ്ങളില്‍ നിന്ന് 2140 റണ്‍സ്) പിന്നില്‍ രണ്ടാമതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിതാവട്ടെ, 68 ടി ട്വന്റി മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഒരു സെഞ്ചുറിയും 12 അര്‍ധസെഞ്ചുറികളും ഈ ഫോര്‍മാറ്റില്‍ രോഹിതിന്റെ  അക്കൗണ്ടിലുണ്ട്.