SHARE

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ‌ ശിഖാർ ധവാൻ, കൃണാൽ പാണ്ട്യ എന്നിവരും ഉണ്ടായിരിക്കേണ്ടതായിരുന്നുവെന്ന് ടീം ഇന്ത്യയുടെ മുൻചീഫ് സെലക്ടറായ എം എസ് കെ പ്രസാദ്. ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന്റെ സാന്നിധ്യം ടീമിന് വളരെയധികം ഫലപ്രദമാകുമായിരുന്നുവെന്ന് പറയുന്ന പ്രസാദ്, കഴിഞ്ഞ 3-4 വർഷങ്ങളായി ടി20 ഫോർമ്മാറ്റിന് വേണ്ടി തങ്ങൾ വളർത്തിയെടുത്ത താരമെന്ന് കൃണാൽ പാണ്ട്യയെ വിശേഷിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ സെലക്ടർമാരുടെ ലോകകപ്പ് ടീം‌ സെലക്ഷന് താൻ പത്തിൽ 8-9 മാർക്ക് നൽകുമെന്ന് പറയുന്ന പ്രസാദ്. എല്ലാ മേഖലകളും കവർ ചെയ്യാൻ അവർക്ക് കഴിഞ്ഞെന്നും സ്പിൻ അനുകൂല വിക്കറ്റുകളാണ് ലോകകപ്പിലുണ്ടാവുക എന്ന ചിന്തയെ മുൻ നിർത്തിയാണ് 4-5 സ്പിന്നർമാരെ ലോകകപ്പ് ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തിയതെന്നും സ്പോർട്സ് തക്കിനോട് കൂട്ടിച്ചേർത്തു.

“ഇത് വളരെ പ്രധാനപ്പെട്ട ടൂർണമെന്റായതിനാൽ ശിഖാർ ധവാനെ ടീമിലേക്ക് കൊണ്ടു വരണമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു. ഐസിസി ടൂർണമെന്റുകളിൽ അദ്ദേഹം എപ്പോളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് എന്ന വസ്തുതക്ക് പുറമേ, തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി ഐപിഎല്ലിലും അദ്ദേഹം ഏറ്റവും മികച്ച ഫോമിലാണ്. അദ്ദേഹം ടീമിന് കൂടുതൽ ഫലപ്രദമാകുമായിരുന്നുവെന്ന് ഞാൻ കരുതുന്നു.”

“അതു പോലെ കൃണാൽ പാണ്ട്യയും. കഴിഞ്ഞ 3-4 വർഷമായി ഞങ്ങൾ ടി20 ഫോർമ്മാറ്റിൽ അദ്ദേഹത്തെ ഒരുക്കിയെടുക്കുകയാണ്. മുംബൈ ഇന്ത്യൻസിന് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ രണ്ടു പേരെയുമാണ് ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നവരായി എനിക്ക്‌ തോന്നുന്നത്.” എം എസ് കെ‌ പ്രസാദ് പറഞ്ഞു നിർത്തി.