SHARE

പരിക്കിനെത്തുടർന്ന് ബോളിംഗിൽ നിന്ന്‌ വിട്ടു നിന്നിരുന്ന ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് ഇന്ന് ഇന്ത്യക്കെതിരെ നടക്കാ‌നിരിക്കുന്ന‌ പരിശീലന മത്സരത്തിൽ ബോൾ ചെയ്തേക്കുമെന്ന് സൂചന. നേരത്തെ ന്യൂസില‌ൻഡിനെതിരെ ഓസ്ട്രേലിയ വിജയം നേടിയ ആദ്യ പരിശീലന മത്സരത്തിൽ ഒരു ബാറ്ററായി മാത്രമായിരുന്നു സ്റ്റോയിനിസ് കളിച്ചത്. മത്സരത്തിൽ 23 പന്തുകളിൽ 28 റൺസായിരുന്നു താരം നേടിയത്.

ഈ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് പരിക്കിൽ നിന്നുള്ള തന്റെ മോചനം ശരിയായ പാതയിലാണെന്നും അടുത്ത മത്സരത്തിൽ ‌(ഇന്ത്യക്കെതിരെ) പന്തെറിയാമെന്ന് താൻ കരുതുന്നതായും സ്റ്റോയിനിസ് വ്യക്തമാക്കിയത്. ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടങ്ങൾക്ക് മുന്നേ സ്റ്റോയിനിസ് പന്തെറിയാനുള്ള ഫിറ്റ്നസിലേക്കെത്തിയത് ഓസ്ട്രേലിയൻ ടീമിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല.

അതേ സമയം ഈ‌ ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ സൂപ്പർ 12 ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമേ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, യോഗ്യതാ റൗണ്ട് കടന്നെത്തുന്ന 2 ടീമുകൾ എന്നിവരാണ് സൂപ്പർ 12 ഘട്ടത്തിൽ ഓസ്ട്രേലിയയുടെ ഗ്രൂപ്പിലുള്ളത്.