SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ബം​ഗ്ലാദേശ് ഭേദപ്പെട്ട നിലയിൽ. ചിറ്റ​ഗോങിൽ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ് ബം​ഗ്ലാദേശ്. മൊമിനുൾ ഹഖിന്റെ സെഞ്ച്വറിയാണ് ബം​ഗ്ലാദേശിന് നല്ല സ്കോർ സമ്മാനിച്ചത്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബം​ഗ്ലാദേശിന് തുടക്കത്തിൽ തന്നെ അപ്രതീക്ഷത പ്രഹരമേറ്റു. മൂന്നാം പന്തിൽ തന്നെ സൗമ്യ സർക്കാർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ജോമൽ വരിക്കാനായിരുന്നു വിക്കറ്റ്. തുടർന്നെത്തിയ മൊമിനുൾ ഇമ്രുൾ ഖായിസിനൊപ്പം ചേർന്ന് സ്കോർ മൂന്നോട്ടുകൊണ്ടുപോയി. സ്കോർ 105-ൽ നിൽക്കെ 44 റൺസെടുത്ത ഖായിസ് പുറത്തായി. തുടർന്നെത്തിയ ഷാക്കിബ് അൽ ഹസനും മുഹമ്മുള്ളയ്ക്കും മുഷ്ഫിഖർ റഹിമിനും കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടയിൽ 120 റൺസെടുത്ത മൊമിനുളും പുറത്തായി

ഇതോടെ ഒരു ഘട്ടത്തിൽ 235 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലായി ബം​ഗ്ലാദേശ്. തുടർന്ന് വാലറ്റക്കാരുടെ ചെറുത്തുനിൽപ്പായിരുന്നു. മെഹ്​ദി ഹസൻ 22 റൺസെടുത്തു പുറത്തായി. നിലവിൽ 32 റൺസോടെ തയിജുൾ ഇസ്ലാമും 24 റൺസോടെ നയീം ഹസനുമാണ് ക്രീസിൽ. വെസ്റ്റ് ഇൻസീഡിനായി ഷാനോൺ ​ഗബ്രിയേൽ നാല് വിക്കറ്റ് വീഴ്ത്തി.