SHARE

അസമിനെതിരായ മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി തമിഴ്നാട്. ഇന്നലെ വൈകിട്ട് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത 20 ഓവറുകളിൽ 126/7 എന്ന സ്കോർ നേടിയപ്പോൾ, 15 ഓവറുകളിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ തമിഴ്നാട് വിജയത്തിലെത്തുകയായിരുന്നു.

127 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ തമിഴ്നാടിനായി ഓപ്പൺ ചെയ്തത് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ എൻ ജഗദീശനും, ഹരി നിശാന്തും ചേർന്നായിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച ജഗദീശൻ തുടക്കം മുതൽ തകർത്തടിച്ചതോടെ തമിഴ്നാട് അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

ഐപിഎല്ലിൽ തിളങ്ങാൻ കഴിയാത്തതിന്റെ ക്ഷീണം അസമിനെതിരെ തീർത്ത ജഗദീശൻ 50 പന്തുകളിൽ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 78 റൺസോടെ പുറത്താകാതെ നിന്നു. 47 റൺസോടെ ഹരി നിശാന്തും തിളങ്ങിയതോടെ തമിഴ്നാട് 30 പന്തുകൾ ബാക്കി നിൽക്കെ തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.