പരിക്കിനെ വക വെക്കാതെ തമീം ഇഖ്ബാൽ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാനെത്തിയതായിരുന്നു ബംഗ്ലാദേശും, ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാകപ്പ് ഉദ്ഘാടന മത്സരത്തിലെ പ്രധാന കാഴ്ച. മത്സരത്തിന്റെ രണ്ടാം ഓവറിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയ തമീം ഇഖ്ബാൽ, നാൽപ്പത്തിയേഴാം ഓവറിൽ ടീമിന്റെ ഒൻപത് വിക്കറ്റുകൾ നഷ്ടമായപ്പോൾ തിരിച്ച് ബാറ്റിംഗിനെത്തിയിരുന്നു.
തന്റെ ടീമിന് വേണ്ടി പരിക്കിനെ വെല്ലുവിളിച്ച് കളത്തിലിറങ്ങിയ തമീം, ഒരപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയാണ് ഇന്നലെ മത്സരശേഷം മടങ്ങിയത്. പത്താം വിക്കറ്റിൽ മുഷ്ഫിഖുർ റഹീമിനൊപ്പം 32 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായ തമീം, ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ പങ്കാളിയാകുന്ന ഏറ്റവും ഉയർന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡ് സ്വന്തമാക്കി. 2000 ൽ ന്യൂസിലൻഡിനെതിരെ ഓസീസ് ഓപ്പണറായ ഡാമിയൻ മാർട്ടിനും, ഗ്ലെൻ മക്ഗ്രാത്തും ചേർന്ന് നേടിയ 31 റൺസ് കൂട്ടുകെട്ടാണ് ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് കൂട്ടുകെട്ട് മറികടന്നത്.
അതേ സമയം മത്സരത്തിനിടെ പരിക്കേറ്റ തമീം ഇഖ്ബാൽ ടൂർണമെന്റിൽ നിന്ന് പുറത്തായി. കൈക്കുഴയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് സ്കാനിംഗിൽ തെളിഞ്ഞ തമീമിന് ആറാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.