SHARE

ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് ഓപ്പണര്‍ തമീം ഇക്ബാല്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ വിട്ടുനില്ക്കുന്നതെന്ന് താരം വ്യക്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ട്വന്റി-20യും രണ്ടു ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.

രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് തമീം വിട്ടുനില്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശമ്പള തര്‍ക്കവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് താരങ്ങള്‍ സമരത്തിനായി അടുത്തിടെ നീക്കം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തമീം സഹതാരങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ ഇപ്പോഴത്തെ വിട്ടുനില്ക്കലിന് അതുമായി ബന്ധമില്ല. ഇമ്രുല്‍ കൈയസാകും തമീമിന്റെ പകരക്കാരന്‍.

ലോകകപ്പിനുശേഷം നടന്ന ലങ്കന്‍ പര്യടനത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ തമീമിന് സാധിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളില്‍ നിന്ന് വെറും 21 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ 235 റണ്‍സാണ് തമീം നേടിയത്.