SHARE

അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ ഭാ​ഗമായി കുടിയേറ്റ തൊഴിലാകളിൾക്ക് സ്നേഹസമ്മാനവുമായി സിം​ഗപ്പൂർ പ്രീമിയർ ലീ​ഗിലെ സൂപ്പർ ക്ലബ് ‌ടാംപനീസ് റോവേഴ്സ്. കോവി‍ഡ് വ്യാപനത്തെത്തുടർന്ന് തൊഴിലാളി ക്യാംപുകളിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരടങ്ങുന്ന ആയിരത്തോളം പേർക്കാണ് ക്രിസ്മസ് സമ്മാനവുമായി റോവേഴ്സ് കളിക്കാരും പരിശീലകരുമെത്തിയത്.

കോവിഡ് വ്യാപനത്തോടെ സിം​ഗപ്പൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതോടെ ഏറെ ദുരുതമനുഭവിക്കുന്നവരാണ് രാജ്യത്തെ കുടിയേറ്റ തൊഴിലാകൾ. നിയന്ത്രണങ്ങൾ ശക്തമായതോടെ ഡോർമിറ്ററി ക്യാംപുകളിലായി ഇവരുടെ ജീവതം തളച്ചിടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്രിസ്മസിന് മുന്നോടിയായി താനം-മെറ മേഖലയിലെ 980 തൊഴിലാകൾക്ക് സമ്മാനങ്ങൾ നൽകിയത്. അടുത്ത് സീസണിലെ ക്ലബിന്റെ ഫാൻ ടീ ഷർട്ട്, ഇ ഇസ്ഡ് ലിങ്ക് കാർഡ്(10 ഡോളർ ക്രെഡിറ്റുൾപ്പെടെ), എച്ച് ടു ഓ എനർജി ഡ്രിങ്ക് എന്നിവയാണ് റോവേഴ്സ് സംഘം തൊഴിലാളികൾക്കായി നൽകിയത്.

മൈ​ഗ്രന്റ് വർക്കേഴ്സ് സെന്ററിന്റെ റെക്രിയേഷനൽ കേന്ദ്രത്തിൽ വച്ച് ടീം ഈ സമ്മാനങ്ങൾ തൊഴിലാകൾക്ക് കൈമാറി. ടീമിന്റെ മുഖ്യപരിശീലകൻ ​ഗാവിൻ ലീ, ​ഗോൾകീപ്പീങ് പരിശീലകൻ വില്യം പാങ്, താരങ്ങളായ ഇർവാൻ ഷാ, അമീറുൾ ഹൈക്കാൽ എന്നിവർ പങ്കെടുത്തു. കുടിയേറ്റ തൊഴിലാളി സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കാനും ഈ കഷ്ടത നിറഞ്ഞ കാലത്ത് തങ്ങൾ അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകാനാണ് ഈ പരിപാട് സംഘടിപ്പിച്ചതെന്നാണ് ​ഗാവിൻ ലീ പറഞ്ഞത്. ഇത്തരത്തിലുള്ള പദ്ധതികൾ ഇനിയും ക്ലബിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിം​ഗപ്പൂരിന്റെ കിഴക്കൻ മേഖലയായ ടാംപീനിലെ ടീമാണ് ടാംപനീസ് റോവേഴ്സ്. ​1945-ൽ സ്ഥാപിതമായ ഈ ക്ലബ് ദ സ്റ്റാ​ഗ്സ് എന്ന പേരിലാണറിയപ്പെടുന്നത്. സിം​ഗപ്പൂർ പ്രീമിയർ ലീ​ഗിൽ കളിക്കുന്ന ക്ലബ് കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുമ്പ് അഞ്ച് തവണ സിം​ഗപ്പൂരിലെ ലീ​ഗ് ജേതാക്കളുമായിട്ടുണ്ട് താംപീൻ. ഏഷ്യൻ വരൻകരയുടെ ക്ലബ് കിരീടപ്പോരാട്ടങ്ങളായ ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗിലും ഏഎഫ്സി കപ്പിലും താംപീൻ കളിച്ചിട്ടുണ്ട്.