SHARE

പരിക്കിൽ നിന്നും മോചിതനായ ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ റോസ് ടെയ്ലർ, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കും. നാളെ ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ തുടങ്ങാനിരിക്കുന്ന മത്സരം ന്യൂസിലൻഡിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരമാണ്. ചരിത്ര ടെസ്റ്റിന് മുൻപ് റോസ് ടെയ്ലറും പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ ഏറെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് മത്സരത്തിനിറങ്ങുക.

നേരത്തെ ഇംഗ്ലണ്ടുമായി നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിടെയായിരുന്നു റോസ് ടെയ്ലറിന് പരിക്കേറ്റത്. ഇതേത്തുടർന്ന് പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ കളിക്കാൻ ടെയ്ലറിന് സാധിച്ചിരുന്നില്ല. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരവും റോസ് ടെയ്ലറിന് നഷ്ടപ്പെടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നായകൻ കെയിൻ വില്ല്യംസൺ തന്നെയാണ് ടെയ്ലർ കളിക്കുമെന്ന കാര്യം അറിയിച്ചത്.

83 ടെസ്റ്റുകളിൽ നിന്ന് 17 സെഞ്ചുറികളും, 28 അർധസെഞ്ചുറികളുമടക്കം 6246 റൺസാണ് റോസ് ടെയ്ലറിന്റെ സമ്പാദ്യം. ടെയ്ലർ എത്തുന്നതോടെ ന്യൂസിലൻഡ് ബാറ്റിംഗിന്റെ കരുത്ത് വർധിക്കും. അതേ സമയം ന്യൂസിലൻഡിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പിങ്ക് ബോൾ മത്സരമാണെങ്കിലും ന്യൂസിലൻഡ് ഇതാദ്യമായല്ല ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ പോകുന്നത്. 2015 ൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ന്യൂസിലൻഡായിരുന്നു ഓസ്ട്രേലിയയുടെ എതിരാളികൾ.