SHARE

അയര്‍ലന്‍ഡിനെതിരെ 27നും 28നും നടക്കുന്ന ടി20 മത്സരങ്ങള്‍ വിജയിച്ചാല്‍ ഇന്ത്യ ടി20 റാങ്കിംഗില്‍ നിലമെച്ചപ്പെടുത്തുമോ..? കഴിയും പക്ഷേ, അതിന് ഇംഗ്ലണ്ട് ഇന്ത്യയെ സഹായിക്കണം. 27ന് തന്നെ നടക്കുന്ന ടി20 മത്സരത്തില്‍ അവര്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ 123 പോയന്റ് തന്നെയാണെങ്കിലും ഇന്ത്യ ടി20 റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തും. ഓസ്‌ട്രേലിയയാകട്ടെ., 122 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്യും.

അതേ സമയം, ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരും. മറ്റൊരു സാധ്യതയുള്ളത് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കുകയെന്നതാണ്. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് ആകെ 127 റേറ്റിംഗ് പോയന്റിലെത്താന്‍ കഴിയും. എങ്കിലും അതിനിടയില്‍ ഇപ്പോഴത്തെ, ആദ്യ രണ്ടു സ്ഥാനക്കാരായ പാകിസ്ഥാനും ഓസ്‌ട്രേലിയയും, സിംബാബ്‌വെ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കാനിരിക്കുകയാണ്.

അസാധ്യമാണെങ്കിലും ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വെ പാകിസ്ഥാനെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ടി2 റാങ്കിംഗില്‍ ഒന്നാമതെത്താം. ഈ ടീമുകളുടെ ഇപ്പോഴത്തെ, ഫോം പരിശോധിക്കുമ്പോള്‍ ഇതിന് വിദൂരസാധ്യത പോലും ക്രിക്കറ്റ് നിരീക്ഷകര്‍ കല്‍പ്പിക്കാനിടയില്ലെന്ന് മാത്രം. പരമ്പരയില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മത്സരങ്ങളും റാങ്കിംഗിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. റാങ്കിംഗില്‍ മുന്നിലുള്ള ടീമുകള്‍ക്കെല്ലാം തിരക്ക് പിടിച്ച മത്സര ഷെഡ്യൂളാണ് വരുന്നത്. അതു കൊണ്ട് തന്നെ റാങ്കിംഗ് ഓരോ ദിവസവും മാറിമറിയാം.