SHARE

വെസ്റ്റിൻഡീസിലെ ഇന്ത്യൻ ഹൈ കമ്മീഷണർമാരോട് മോശമായി പെരുമാറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽ സുബ്രഹ്മണ്യന് ബിസിസിഐ യുടെ കർശന താക്കീത്. സംഭവത്തിൽ അന്വേഷണം നടത്തിയതിന് ശേഷം ബിസിസിഐ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വാർത്തകൾ. ലോകകപ്പോടെ കരാർ അവസാനിച്ചെങ്കിലും 45 ദിവസത്തേക്ക് കൂടി സുനിലിന്റെ കരാർ ബിസിസിഐ നീട്ടി നൽകുകയായിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് മാനേജർക്ക് വേണ്ടിയുള്ള അഭിമുഖം അടുത്ത് തന്നെ നടക്കാനിരിക്കവെ സുനിൽ ഈ‌സ്ഥാനത്ത് തുടരാനുള്ള സാധ്യതകൾ ഈ സംഭവത്തോടെ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.

വെസ്റ്റിൻഡീസിൽ പര്യടനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ ടീമിനോട് ജല സംരക്ഷണത്തെക്കുറിച്ചുള്ള ചെറിയൊരു പരസ്യത്തിൽ അഭിനയിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഗവണ്മെന്റിന്റെ ഈ നിർദ്ദേശം ടീമിനെ അറിയിക്കാൻ വിൻഡീസിലെ ഗയാനയിലേയും, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേയും ഇന്ത്യൻ ഹൈക്കമ്മീഷണർമാർ, ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജറായ സുനിലിനെ ബന്ധപ്പെട്ടു. എ‌ന്നാൽ ട്രിനിഡാഡിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള മുതിർന്ന അംഗം ഇക്കാര്യം ചർച്ച ചെയ്യാൻ സുനിലിനെ ബന്ധപ്പെട്ടപ്പോൾ വളരെ‌ മോശം രീതിയിലായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

ഗവണ്മെന്റിൽ നിന്നുള്ള നിർദ്ദേശം അറിയിക്കാൻ വിൻഡീസിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെട്ടപ്പോൾ മോശം രീതിയിൽ പ്രതികരിച്ച സുനിൽ അവരോട് യാതൊരു രീതിയിലുള്ള സഹകരണ മനോഭാവവും കാണിച്ചില്ല‌. ഇക്കാര്യം അവർ ബിസിസിഐ യെ അറിയിക്കുകയും, സംഭവത്തിന്റെ ഗൗരവംമനസിലാക്കിയ ബിസിസിഐ ഈ വിഷയത്തിൽ സുനിലിന് കർശന താക്കീത് നൽകുകയുമായിരുന്നു.