SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസർമാരായി പ്രമുഖ സ്പോർട്സ് ബ്രാൻഡ് ‘നൈക്കി’ തുടരില്ലെന്ന് സൂചന. നിലവിൽ നൈക്കിയുമായി ബിസിസിഐ ഒപ്പുവെച്ചിരിക്കുന്ന 4 വർഷത്തെ കിറ്റ് സ്പോൺസർഷിപ്പ് കരാർ ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കുകയാണ്. കരാർ തീരുന്നതോടെ നൈക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് എല്ലാ രീതിയിലും പി‌ന്മാറുമെന്നും ബോർഡുമായി പുതിയ കരാർ ഒപ്പുവെക്കാൻ അവർക്ക് താല്പര്യം ഇല്ലെന്നുമാണ് പുറത്ത് വരുന്ന സൂചനകൾ.

നേരത്തെ 2016 ലായിരുന്നു നൈക്കി, ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പുതിയ കിറ്റ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചത്. 370 കോടി രൂപയ്ക്കായിരുന്നു ഈ കരാർ. കരാർ പ്രകാരം ഇന്ത്യയുടെ ഓരോ മത്സരങ്ങൾക്കും 85 ലക്ഷം രൂപ വീതം നൈക്കി, ബിസിസിഐയ്ക്ക് നൽകിയിരുന്നു. ഈ കരാർ സെപ്റ്റംബറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. എന്നാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏറെ നാൾ ക്രിക്കറ്റ് മത്സരങ്ങൾ മുടങ്ങിയതിനാൽ കുറച്ച് നാൾ കൂടി ടീമുമായുള്ള കരാർ നീട്ടി നൽകണമെന്ന് നൈക്കി, ഇന്ത്യൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു‌. എന്നാൽ ബിസിസിഐ ഇതിനോട് താല്പര്യം കാണിച്ചില്ല. ഇതോടെയാണ് ബിസിസിഐയുമായുള്ള സഹകരണം നിർത്താൻ നൈക്കി തീരുമാനിച്ചത്.