SHARE

ന്യൂസിലൻഡിനെതിരെ നടന്നു കൊ‌ണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം കഠിനമായ ദക്ഷിണാഫ്രിക്കൻ പര്യടനമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അവിടെ മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും, 4 ടി20 മത്സരങ്ങളുമാണ് ആതിഥേയർക്കെതിരെ ഇന്ത്യ കളിക്കുക‌. ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിൽ ആദ്യം നടക്കുക. തുടർന്ന് ഏകദിന പരമ്പരയിലും അവസാനം ടി20 പരമ്പരയിലും ഇരു ടീമുകളും ചേർന്ന് ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന വരും ദിവസം ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ എകദിന സ്ക്വാഡിനെ പരിശോധിക്കുകയാണ് സ്പോർട്സ് മലയാളം.

ക്യാപ്റ്റൻ : ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചെങ്കിലും ഏകദിനത്തിൽ കോഹ്ലി നായകനായി തുടരും. ദക്ഷിണാഫ്രിക്കയിലും അതു കൊ‌‌ണ്ടു തന്നെ കോഹ്ലിയാകും ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ.

ഓപ്പണർമാർ : രോഹിത് ശർമ്മയും, ശിഖാർ ധവാനുമാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ടീമിന്റെ പ്രധാന ഓപ്പണർമാർ. ധവാൻ നിലവിൽ ടെസ്റ്റ്, ടി20 ടീമുകളിലില്ലെങ്കിലും ഏകദിനത്തിൽ ഇപ്പോളും അദ്ദേഹത്തിന് ത‌ന്റേതായ സ്ഥാനം ടീമിലുണ്ട്‌‌. ബാക്കപ്പ് ഓപ്പണറായി റുതുരാജ് ഗെയിക്ക്വാദ് സ്ക്വാഡിലിടം പിടിച്ചേക്കും.

മധ്യനിര : വിരാട് കോഹ്ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും മധ്യനിര ബാറ്റ്സ്മാന്മാരായി ടീമിലിടം പിടിക്കുക.

വിക്കറ്റ് കീപ്പർമാർ : ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല‌. ബാക്കപ്പ്‌ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ തന്നെ സ്ക്വാഡിൽ ഇടം പിടിക്കാനാണ് സാധ്യത. അത് കൊണ്ടു തന്നെ ടീമിലേക്കുള്ള തിരിച്ചുവരവിന് സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടി‌ വരും.

ഓൾ റൗണ്ടർമാർ : രവീ‌ന്ദ്ര ജഡേജ, വെങ്കടേഷ് അയ്യർ എന്നിവരായിരിക്കും ഓൾ റൗണ്ടർമാരായി ടീമിലിടം പിടിക്കുക. മികച്ച ഫിറ്റ്നസിലേക്കെത്താത്ത ഹാർദിക്ക് പാണ്ട്യ ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണ്.

ബോളർമാർ : ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നീ സീനിയർ ബോളർമാർ സ്ക്വാഡിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ദീപക് ചഹർ, ഹർഷൽ പട്ടേൽ എന്നിവരിൽ ഒരാളും, രവിചന്ദ്രൻ അശ്വിനും ഇവർക്കൊപ്പം ബോളിംഗ് നിരയിൽ ഇടം പിടിക്കാനാണ് സാധ്യത.