SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം മത്സരങ്ങളെല്ലാം ടീമുകൾക്ക് സ്വന്തം ഗ്രൗണ്ടിൽ കളിക്കാനാവില്ലെന്ന് റിപ്പോർട്ട്. നേരത്തെയും ഇത് സംബന്ധിച്ച സൂചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പൊതുതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഉറപ്പാവുകയായിരുന്നു. ബിസിസിഐ ക്കും ഐപിഎൽ ടീമുകൾക്കും വലിയ തലവേദന ‌സമ്മാനിക്കുന്ന കാര്യമാണിത്.

ഏപ്രിൽ 11 മുതൽ മെയ് 19 വരെ നീളുന്ന ഏഴ് ഘട്ട ഇലക്ഷനാണ് ഇത്തവണ ഇന്ത്യയിൽ നടക്കുന്നത്. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ്‌ നടക്കുന്നതും ഏഴ് ഘട്ടമായാണ്. ബംഗാളിൽ നിന്നുള്ള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഈ സീസണിൽ കളിക്കേണ്ടത് ‌7 ഹോം മത്സരങ്ങളാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ 7 ഹോം മത്സരങ്ങളും കൊൽക്കത്തയിൽത്തന്നെ നടത്തുക ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരുമിച്ച് വരുന്നത് സുരക്ഷയൊരുക്കുന്നതിനും മറ്റും ബുദ്ധിമുട്ടാണ്. മറ്റ് ചില ടീമുകളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇങ്ങനെയൊരു പ്രതിസന്ധി നേരിടാൻ പല സംസ്ഥാന പോലീസുകളുമായും ബിസിസിഐ‌ സംസാരിക്കുന്നുണ്ട്. എന്നാൽ എല്ലാം ഹോം മത്സരങ്ങളും ടീമുകൾക്ക് സ്വന്തം തട്ടകത്തിൽ തന്നെ കളിക്കാൻ ഇക്കുറി കഴിഞ്ഞേക്കില്ല.

അതേ സമയം ഐപിഎല്ലിലെ എട്ട് ടീമുകളുടേയും ഹോം ഗ്രൗണ്ടുകൾക്ക് പുറമേ, മറ്റ് ചില വേദികളേയും മത്സരം നടത്താൻ ബിസിസിഐ പരിഗണിക്കുന്നുണ്ട്. രാജ്കോട്ട്, ഇൻഡോർ, വിശാഖപട്ടണം, ധർമ്മശാല, ഇൻഡോർ എന്നിവിടങ്ങളാണ് അത്. പല ടീമുകളുടേയും ഹോം മത്സരങ്ങൾ ഈ ഗ്രൗണ്ടുകളിൽ ഇത്തവണ നടത്തേണ്ടി വരും. അതേ സമയം രാജസ്ഥാൻ ഇക്കുറി തങ്ങളുടെ മൂന്ന് ഹോം മത്സരങ്ങൾ കളിക്കുന്നത് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണെന്ന് ഇതിനോടകം ഏകദേശം ഉറപ്പായ കാര്യമാണ്. വിവിധ സംസ്ഥാന പോലീസുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഐപിഎൽ വേദികളുടേയും ബാക്കി മത്സരക്രമത്തിന്റേയും കാര്യം ബിസിസിഐ തീരുമാനിക്കുമെന്നാണ് സൂചന.