SHARE

ബിസിനസ് തനിക്ക് വഴങ്ങാത്ത മേഖലയാണെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഉല്പന്ന നിര്‍മാണ കമ്പനിയായ സ്പാര്‍ട്ടണ്‍ സ്‌പോര്‍ട്‌സുമായുള്ള കരാറില്‍ നിന്നാണ് സച്ചിന്‍ പിന്മാറിയത്. സച്ചിന്‍ കമ്പനിയിലെ ഒരു പ്രധാന നിക്ഷേപകനും ബോര്‍ഡംഗവും ആയിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കമ്പനി നഷ്ടത്തിലാണ്.

ഇന്ത്യന്‍ ബിസിനസുകാരനായ കുനാല്‍ ശര്‍മ സ്ഥാപിച്ച കമ്പനിയാണ് സ്പാര്‍ട്ടണ്‍. നിരവധി ക്രിക്കറ്റര്‍മാരുമായി കമ്പനിക്ക് കരാറുണ്ട്. കളിക്കാര്‍ക്ക് കമ്പനി കോടികള്‍ പ്രതിഫലം നല്കാനുണ്ട്. പലരും കേസ് നല്കിയതോടെയാണ് സച്ചിന്‍ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി, വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ഇംഗ്ലീഷ് താരം ഇയോണ്‍ മോര്‍ഗന്‍ തുടങ്ങിയവരെല്ലാം സ്പാര്‍ട്ടണുമായി കരാറുള്ള താരങ്ങളാണ്.

വിവിധ താരങ്ങള്‍ക്കായി 60 കോടിയിലധികം രൂപയുടെ കുടിശിഖ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് തന്റെ കരിയറിന്റെ അവസാന കാലത്ത് സ്പാര്‍ട്ടണുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ആകട്ടെ കമ്പനിക്കെതിരേ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്.