SHARE

പെറുവിനെതിരെ ഇന്ന് രാത്രി നടക്കുന്ന സൗഹൃദ മത്സരത്തിൽ ജർമനിക്കായി മാർക്ക് ആന്ദ്രെ ടെർ സ്റ്റീ​ഗൻ ​ഗോൾവല കാക്കും. മാനുവൽ ന്യൂയറിന് പകരമായാണ് ടെർസ്റ്റീ​ഗൻ ഇറങ്ങുക. ജർമൻ പരിശീലകൻ ജൊവാക്വിം ലോ ഇക്കാര്യം സ്ഥിരീകരിച്ചു.

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ ഒന്നാം നമ്പർ ​ഗോളിയായി തിളങ്ങുമ്പോഴും ടെർ സ്റ്റീ​ഗന് ദേശീയ ടീമിൽ അധികം അവസരം ലഭിച്ചിട്ടില്ല. മികച്ച ഫോം കൈവിടാത്ത ക്യാപ്റ്റൻ കൂടിയായ മാനുവൽ ന്യൂയർ ടീമിലുള്ളതാണ് ടെർസ്റ്റീ​ഗൻ ഒഴിവാക്കപ്പെടുന്നതിന് കാരണം. 2012-ൽ ദേശീയ ടീമിൽ അരങ്ങേറിയെങ്കിലും ഇതുവരെ 20 മത്സരങ്ങളിൽ മാത്രമാണ് ടെർസ്റ്റീ​ഗൻ ജർമൻ ​ഗോൾവല കാത്തത്. അതിൽ തന്നെ പകുതിയലേറെയും ന്യൂയർ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അവസരത്തിലാണ്.

ജൂണിൽ സൗദി അറേബ്യക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ 45 മിനറ്റ് ഇറങ്ങിയ ശേഷം ഇതാദ്യമായാണ് ടെർസ്റ്റീ​ഗന് സ്റ്റാർട്ടിങ് ഇലവനിൽ അവസരം കിട്ടുന്നത്. ലോകകപ്പ് കളിച്ച ജർമൻ ടീമിൽ ടെർ സ്റ്റീ​ഗൻ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ലോകകപ്പിലെ ആദ്യ റൗണ്ട് പുറത്താകലിന് പിന്നാലെ ടെർസ്റ്റീ​ഗന് ദേശീയടീമിൽ അവസരം നൽകണമെന്ന് ആരാധകരുടെ ഇടയിൽ ആവശ്യം ശക്തമാണ്.