SHARE

പാകിസ്ഥാനിലെ ഒറാക്സായ് ജില്ലയിൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് വെടിയുതിർത്ത് ഭീകരർ. കായിക ലോകത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. ഭാവിയിൽ വലിയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാന്റെ സാധ്യതകൾക്കും തിരിച്ചടി നൽകുന്നതാണ് ഈ‌ സംഭവം.

പാകിസ്ഥാനിലെ ഒറാക്സായി ജില്ലയിലുള്ള ഖൈബർ പക്തുംങ് ക്വാ പ്രവിശ്യയിലായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ജില്ലയിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നിന്റെ ഫൈനൽ മത്സരത്തിനിടെ ഗ്രൗണ്ടിന് സമീപത്ത് നിന്ന് ഭീകരർ മൈതാനത്തേക്ക് വെടിയുതിർത്തു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു സംഭവം.

വെടിവെപ്പ് തുടങ്ങിയതോടെ സംഘാടകർ മത്സരം നിർത്തി വെക്കുകയും തുടർന്ന് ഫൈനൽ ഉപേക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ജില്ലയിലെ പ്രശസ്ത ക്രിക്കറ്റ് ടൂർണമെന്റുകളിലൊന്നായതിനാൽ മാധ്യമ പ്രവർത്തരും, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം മത്സരം കാണാനെത്തിയിരുന്നു‌. ഭാഗ്യം കൊണ്ട് പക്ഷേ ആരും പരിക്കേൽക്കാതെ രക്ഷപെട്ടു.

“മത്സരം ആരംഭിച്ചയുടനേ തീവ്രവാദികൾ അടുത്തുള്ള കുന്നുകളിൽ നിന്ന് മൈതാനത്തേക്ക് വിവേചന രഹിതമായ വെടിവെയ്പ്പ് നടത്തുകയായിരുന്നു. കളികാർ, കാണികൾ, പത്ര പ്രവർത്തകർ, തുടങ്ങിയവരെല്ലാം ഓടി രക്ഷപെട്ട് ജീവൻ രക്ഷിച്ചു. ” സംഭവത്തിന്റെ ദൃക്സാക്ഷി പറയുന്നു.

അതേ സമയം വെടിവെയ്പ്പിൽ ആർക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. എങ്കിലും കായിക ഭൂപടത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റ് ഭൂപടത്തിൽ ഈ സംഭവം പാകിസ്ഥാന് ഒരു കറുത്ത കരടായിരിക്കുമെന്ന കാര്യം ഉറപ്പ്.