SHARE

പത്ത് വർഷത്തിന് ശേഷം പാകിസ്ഥാൻ മണ്ണിൽ ടെസ്റ്റ് മത്സരം അരങ്ങേറും. ഡിസംബർ മാസത്തിലാണ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ അരങ്ങേറുന്നത്. ശ്രീലങ്കയായിരിക്കും ഇതിൽ പാകിസ്ഥാന്റെ എതിരാളികൾ.

ഡിസംബർ 11 മുതൽ 15 വരെ റാവൽപിണ്ടിയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. 19 മുതൽ 23 വരെ കറാച്ചിയിലായിരിക്കും രണ്ടാം മത്സരം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. 2009 മാർച്ചിലാണ് ഇതിനുമുമ്പ് പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം നടന്നത്. അന്നും ശ്രീലങ്കയായിരുന്നു എതിരാളി. ആ പരമ്പരയ്ക്കിടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനുനേരെ തീവ്രവാദി ആക്രമണമുണ്ടാകുകയും തിലൻ സമരവീരയടക്കമുള്ള താരങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തത്.

ഈ സംഭവത്തോടെ പാകിസ്ഥാനിൽ മത്സരങ്ങൾ നടത്തുന്നതിന് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കൻ ക്രിക്കറ്റ് ടീം തന്നെ പാകിസ്ഥാനിൽ എത്തി ഏകദിന, ടി20 മത്സരങ്ങൾ കളിച്ചിരുന്നു. തുടർന്നാണിപ്പോൾ ടെസ്റ്റ് മത്സരത്തിനും അനുമതി ലഭിച്ചത്.