SHARE

ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയാണ് തായ്‌ലന്‍ഡ്. അതിവേഗമാണ് ഇവിടെ ക്രിക്കറ്റ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് വനിതാ ക്രിക്കറ്റ്. മികച്ച താരങ്ങളാള്‍ സമ്പന്നമായ അവര്‍ അടുത്ത കാലത്തായി മികച്ച പ്രകടനവും നടത്തുന്നുണ്ട്. വനിതാ ക്രിക്കറ്റില്‍ തുടര്‍ച്ചയായി 20 മത്സരങ്ങള്‍ ജയിച്ച് റിക്കാര്‍ഡിടുകയും ചെയ്തു.

ഇപ്പോള്‍ ഒരു ചരിത്ര നേട്ടത്തിനരികെ നില്ക്കുകയാണ് തായ്‌ലന്‍ഡ്. ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് കളിക്കാന്‍ ഒരു ജയം മാത്രം അകലെയാണ് ഈ ഏഷ്യന്‍ രാജ്യം. സ്‌കോട്ട്‌ലന്‍ഡില്‍ നടക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പ് യോഗ്യതറൗണ്ടില്‍ ഇന്നലെ അയര്‍ലന്‍ഡിനെ രണ്ടു റണ്‍സിന് വീഴ്ത്തി അവര്‍ സെമിയിലെത്തി.

പാപ്പുവാ ന്യൂഗിനിയയാണ് സെമിയിലെ എതിരാളികള്‍. ഈ മത്സരം ജയിച്ചാല്‍ അവര്‍ക്ക് യോഗ്യത നേടാം. അയര്‍ലന്‍ഡിന്റെ സെമി എതിരാളികള്‍ ശക്തരായ ബംഗ്ലാദേശാണ്. അയര്‍ലന്‍ഡിനെതിരായ 17 ഓവറില്‍ ആറുവിക്കറ്റിന് 92 റണ്‍സാണ് തായ്‌ലന്‍ഡ് നേടിയത്. ഐറിഷ് പോരാട്ടം എട്ടിന് 90 റണ്‍സില്‍ അവസാനിച്ചു.