SHARE

തായ്ലൻഡിൽ തടവിലാക്കപ്പെട്ടിരുന്ന ബഹ്‌റിൻ-ഓസ്ട്രേലിയൻ ഫുട്ബോൾ താരം ഹക്കീം അൽ അറബിയെ മോചിപ്പിക്കാൻ തീരുമാനമായി. ഹക്കീമിനെ കൈമാറണമെന്നുള്ള ആവശ്യം ബഹ്റിൻ പിൻവലിച്ചതോടെയാണ് മോചനം സാധ്യമായത്. ഹക്കീമിന്റെ തടവിനെതിരെ ദിദിയർ ദ്രോ​ഗ്ബ, ജെയ്മി വാർഡി തുടങ്ങിയവരടക്കം പ്രമുഖ കളിക്കാർ രം​ഗത്തെത്തിയിരുന്നു

ബഹ്‌റിൻ ദേശീയടീമം​ഗമായിരുന്നു ഹക്കീം. എന്നാൽ 2011-ൽ ബഹ്റിനിൽ അധികാരകൾക്കെതിരെയുണ്ടായ ബഹുജനപ്രക്ഷോഭത്തോടെ ഹക്കീം അധികൃതരുടെ കണ്ണിലെ കരടായി. തുടർന്ന് പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന കേസിൽ താരത്തെ അറിസ്റ്റ് ചെയ്തു. എന്നാൽ ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഹക്കീമിന്റെ ആരോപണം. ഒപ്പം തടവിൽ ക്രൂരപിഡനവും നേരിടേണ്ടിവന്നെന്ന് ഹക്കീം ആരോപിച്ചു. പിന്നാലെ ഹക്കീം ഓസ്ട്രേലിയയിൽ അഭയം പ്രാപിച്ചു.

എന്നാൽ ഹക്കീമിന്റെ അഭാവത്തിലും താരത്തിന് പത്ത് വർഷത്തെ തടവുശിക്ഷ ബഹ്റിൻ വിധിച്ചു. ഇതിനിടയിൽ കഴിഞ്ഞ വർഷംനവംബറിൽ ഹക്കീം ഓസ്ട്രേലിയയിൽ നിന്ന് ഒഴിവുദിനങ്ങളാഘോഷിക്കാൻ തായ്ലൻഡിലെത്തി. എന്നാൽ ബഹ്റിന്റെ ആവശ്യപ്രകാരം ഇന്റപോൾ പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിൽ ഹക്കീമിനെ തായ് അധികൃതർ അറസ്റ്റ് ചെയ്തു.

ഹക്കീമിനെ ബഹ്റിന് കൈമാറാനാണ് തായ്ലൻഡിന്റെ പദ്ധതിയെന്ന് വ്യക്തമായതോടെ മനുഷ്യാവകാശസംഘടനകളും ഫുട്ബോൾ ആരാധകരും രം​ഗത്തെത്തി. ഓസിട്രേലിയൻ ഫുട്ബോൾ അധികൃതരും ഹക്കീമിനായി മുന്നോട്ടുവന്നു. പ്രതിഷേധങ്ങളും സമ്മർദങ്ങളും ശക്തമായതോടെയാണ് ഹക്കീമിനെ കൈമാറണമെന്ന ആവശ്യം ബഹ്റിൻ പിൻവലിച്ചത്. തിങ്കളാഴ്ച തന്നെ ഹക്കീം ഓസ്ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.