SHARE
file photo

സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാനുള്ള ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നിർദ്ദേശം തായ്ലൻഡ് തള്ളി. ഇന്ത്യയ്ക്കെതിരെ മത്സരിക്കുന്നതിന് പകരം ചൈനയുമായി സൗഹൃദമത്സരം നടത്താനാണ് തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ തീരുമാനം. ഈ വർഷം ജൂൺ രണ്ടിനാകും മത്സരം നടക്കുക.

നേരത്തെ ഇന്ത്യയും, അയൽക്കാരായ ചൈനയും ഏകദേശം ഒരേ സമയത്താണ് തായ്ലൻഡുമായി സൗഹൃദ മത്സരം കളിക്കാനുള്ള ക്ഷണം മുന്നോട്ട് വെച്ചത്. എന്നാൽ ഏഷ്യൻ ഫുട്ബോളിലെ കരുത്തരും, ഫിഫാ റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിലുള്ളതുമായ ചൈനയുമായി കളിച്ചാൽ മതിയെന്ന് തായ്ലൻഡ് തീരുമാനിക്കുകയായിരുന്നു.

തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സൊമ്യോത് പൂംപുന്മ്വാംഗ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ, ” ഇന്ത്യയും ചൈനയും തങ്ങളുമായി സൗഹൃദ മത്സരം കളിക്കാൻ താല്പര്യം അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു മത്സരം മാത്രം നടത്താനേ തങ്ങൾക്ക് കഴിയൂ, ടീമിന്റെ തിരക്കുകളാണ് ഇതിന് കാരണം. അത് കൊണ്ട് തന്നെ ഇന്ത്യയേക്കാൾ കരുത്തരായ ചൈനയ്ക്കെതിരെ കളിക്കാമെന്ന് തങ്ങൾ തീരുമാനിക്കുകയായിരുന്നു.

2019 ലെ ഏഷ്യാകപ്പിന് മുൻപ് മത്സര പരിചയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു തായ്ലൻഡുമായി സൗഹൃദ മത്സരം കളിക്കാൻ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. ഫിഫ റാങ്കിംഗിൽ 122-ം സ്ഥാനത്താണെങ്കിലും മികച്ച ഫുട്ബോൾ ടീമാണ് തായ്ലൻഡിന്റേത്. തായ്ലൻഡുമായുള്ള മത്സരം നഷ്ടമായതോടെ വേറെതെങ്കിലുംഏഷ്യൻ ടീമുമായി മത്സരം സംഘടിപ്പിക്കാനാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ശ്രമം.