SHARE

ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ മഖായ എന്റിനിയുടെ‌ മകനും രാജ്യത്തെ ശ്രദ്ധേയനായ യുവ പേസ് ബൗളർമാരിൽ ഒരാളുമായ താൻഡോ എന്റിനി, അടുത്ത സീസണിൽ പുതിയ അഭ്യന്തര ടീമിലേക്ക് മാറും. പോയ സീസണിൽ കേപ് കോബ്രാസിന്റെ താരമായിരുന്ന താൻഡോ, അടുത്ത സീസണിൽ ടൈറ്റൻസ് ടീമിന് വേണ്ടിയാകും കളിക്കുക. ടൈറ്റൻസ് ടീം പരിശീലകൻ മാൻഡ്ല മഷിംബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മഖായ എന്റിനിയുടെ പുത്രൻ എന്നതിലുപരി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ഫാസ്റ്റ് ബോളർമാരിലൊരാൾ കൂടിയാണ് താൻഡോ. പോയ സീസണിൽ ദക്ഷിണാഫ്രിക്കൻ അഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമതുണ്ടായിരുന്ന ഈ പത്തൊൻപതുകാരൻ, 2019 ലെ മാൻസി സൂപ്പർ ലീഗിൽ ഫാഫ് ഡുപ്ലെസിസ് നായകനായ പാൾ റോക്ക്സിന്റെ താരമായിരുന്നു. വലം കൈയ്യൻ ബോളറും, ഇടം കൈയ്യൻ ബാറ്റ്സ്മാനുമായ താൻഡോ അധികം താമസിയാതെ ദക്ഷിണാഫ്രിക്കയുടെ സീനിയർ ടീമിലെത്തുമെന്നാണ് ക്രിക്കറ്റ് നിരൂപകർ വിലയിരുത്തുന്നത്.