SHARE

പതിനാലാം സീസൺ ഐപിഎല്ലിൽ ഉജ്ജ്വല ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണോട് ഒരറിയിപ്പുണ്ടാകുന്നത് വരെ യു എ ഇ യിൽ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചതായി ഇന്നലെ രാവിലെ മുതലാണ് വാർത്തകൾ പുറത്ത് വന്നത്. ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു ഇടം പിടിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും സഞ്ജുവിനോട് യു എ ഇ യിൽ തുടരാൻ ഇന്ത്യൻ ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്നലെ രാത്രി സ്പോർട്സ് തക് വ്യക്തമാക്കി. ഇതോടെ സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്കും അവസാനമായി‌.

യു എ ഇ യിൽ തുടരാൻ സഞ്ജുവിനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ സ്പോർട്സ് തക്, ദുബായ് എക്സ്പോയുമായി രാജസ്ഥാൻ റോയൽസിനുള്ള സ്പോൺസർഷിപ്പ് പ്രതിബദ്ധതയുടെ ഭാഗമായാണ് സഞ്ജു, നാട്ടിലേക്ക് മടങ്ങാതെ അവിടെത്തെന്നെ തങ്ങുന്നതെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേ സമയം പതിനാലാം സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ടീം നിരാശപ്പെടുത്തിയ സീസണിലും മികച്ച പ്രകടനമായിരുന്നു ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 40.33 ബാറ്റിംഗ് ശരാശരിയിൽ 484 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മലയാളി താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്ന ഐപിഎൽ സീസൺ കൂടിയായിരുന്നു ഇത്തവണത്തേത്.