SHARE

അടുത്ത വർഷം ജൂലൈയിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായ ‘ദി ഹണ്ട്രഡ്’ ൽ പങ്കെടുക്കുന്ന താരങ്ങളുടെ ഡ്രാഫ്റ്റ് പട്ടിക പുറത്ത് വിട്ട് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. 100 പന്തുകൾ വീതമുള്ള ഇന്നിംഗ്സുകളാണ് ഈ ടൂർണമെന്റിലുണ്ടാവുക. വരുന്ന ഞായറാഴ്ച ടൂർണമെന്റിന് മുന്നോടിയായുള്ള താരങ്ങളുടെ ഡ്രാഫ്റ്റ് നടക്കും. ഇതിൽ നിന്ന് ടീമുകൾക്ക് തങ്ങൾക്ക് വേണ്ടുന്ന താരങ്ങളെ ടീമിലെടുക്കാം.

വിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ, ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് വാർണർ എന്നിവർക്കാണ് ഡ്രാഫ്റ്റിൽ ഏറ്റവും വലിയ അടിസ്ഥാന വിലയുള്ളത്. 125,000 പൗണ്ട് (ഏകദേശം 1.14 കോടി രൂപ) ആണ് ഇവരുടെ അടിസ്ഥാന വില. മൊത്തം 17 താരങ്ങൾക്ക് ഡ്രാഫ്റ്റിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ അടിസ്ഥാന വിലയായ 100, 000 പൗണ്ട് ( ഏകദേശം 91 ലക്ഷം രൂപ) ഉണ്ട്. ഷക്കീബ് അൽഹസൻ, മൊഹമ്മദ് ആമിർ, ട്രെന്റ് ബോൾട്ട്, ഡ്വെയിൻ ബ്രാവോ, ഡികോക്ക്, ഡുപ്ലെസിസ്, ഗ്ലെൻ മാക്സ്‌വെൽ, സുനിൽ നരൈൻ, അന്ദ്രെ റസൽ, ഷെയിൻ വാട്സൺ, കെയിൻ വില്ല്യംസൺ, കീറൺ പൊള്ളാർഡ് എന്നിവരാണ് ഈ പട്ടികയിലുള്ളത്.

ഇന്ത്യയിൽ നിന്ന് സീനിയർ സ്പിന്നർ ഹർഭജൻ സിംഗ് മുൻപ് ഡ്രാഫ്റ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പിന്നീട് ഐപിഎല്ലിൽ കളിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് അദ്ദേഹം ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. വിരമിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് ഡ്രാഫ്റ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.