SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡ് കൈവശമുള്ള താരമാണ് ഗൗതം ഗംഭീർ. കളിക്കളത്തിലെ മികവിനൊപ്പം ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതിലും ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് അദ്ദേഹം, അത് കൊണ്ടു തന്നെ ഐപിഎല്ലിൽ ഗംഭീറില്ലാതെ അദ്ദേഹത്തിന്റെ ടീമുകൾ കളിക്കാനിറങ്ങുന്നത് അപൂർവ്വ കാഴ്ചയാണ്. എന്നാൽ അത്തരമൊരു കാഴ്ച്ചയ്ക്കാണ് ഇന്നലെ ഡെൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനം സാക്ഷിയായത്.

ഇന്നലെ തങ്ങളുടെ സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ട ഡെൽഹി ഡെയർഡെവിൾസ് ടീമിൽ ഗൗതം ഗംഭീർ ഉണ്ടായിരുന്നില്ല. എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഗംഭീറിന് ഒരു ഐപിഎൽ മത്സരം നഷ്ടപ്പെടുന്നത്. 2010 മാർച്ച് 25-ം തീയതി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന ഐപിഎൽ മത്സരമാണ്‌ ഇതിന് മുൻപ് ഗംഭീറിന് നഷ്ടമായത്. അന്നും ഡെൽഹി ഡെയർഡെവിൾസിന്റെ താരമായിരുന്നു അദ്ദേഹം.

തൊട്ടടുത്ത സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഗംഭീർ 108 മത്സരങ്ങളിൽ അവർക്കായി കളത്തിലിറങ്ങി. ഒരു തവണ പോലും അദ്ദേഹത്തിന് കൊൽക്കത്തൻ ജേഴ്സിയിൽ മത്സരം നഷ്ടമായില്ല. ഡെൽഹി ഡെയർഡെവിൾസിന് വേണ്ടി 46 മത്സരങ്ങൾ താരം കളിച്ചപ്പോൾ 4 തവണയാണ് കളിക്കാനാവാതെ പുറത്തിരിക്കേണ്ടി വന്നത്.