ലോകകപ്പില്‍ മറ്റു എല്ലാ ടീമുകളും ഒരിക്കലെങ്കിലും കളത്തിലിറങ്ങി. എന്നാല്‍ ഇന്ത്യയാകട്ടെ ഇതുവരെ ഒരു മത്സരം പോലും കളിച്ചതുമില്ല. തലതിരിഞ്ഞ ഐസിസിയുടെ ഫിക്സചറിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ വൈകുന്നതില്‍ പക്ഷേ ഐസിസിക്ക് മാത്രമല്ല കുറ്റമെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ മേയിലാണ് ലോകകപ്പിന്റെ ഫിക്സചര്‍ പുറത്തുവന്നത്. ജൂണ്‍ രണ്ടിനായിരുന്നു ആദ്യം ഇന്ത്യയുടെ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോധ കമ്മിറ്റി നിര്‍ദേശപ്രകാരം ഐപിഎല്‍ നടന്നതിനുശേഷം 15 ദിവസം കഴിഞ്ഞേ ഇന്ത്യന്‍ ടീം അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പാടുള്ളു. അതുകൊണ്ടാണ് മത്സരം നീട്ടിവയ്ക്കാന്‍ ഐസിസി നിര്‍ബന്ധിതരായത്.
രണ്ടാമത്തെ കാരണം ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം നേടിയ സ്റ്റാര്‍ സ്പോര്‍ട്സിന്റെ പിടിവാശിയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്ത്യയുടെ മത്സരങ്ങള്‍ തുടക്കത്തിലേ കഴിഞ്ഞു പോയാല്‍ ലോകകപ്പിന്റെ ആവേശം മങ്ങുമെന്നായിരുന്നു അവരുടെ വാദം. ഐസിസി ഇക്കാര്യം അംഗീകരിച്ചതോടെ ആദ്യറൗണ്ടിന്റെ അവസാനഘട്ടങ്ങളില്‍ ഇന്ത്യ തുടരെ കളത്തിലിറങ്ങേണ്ട അവസ്ഥയിലുമായി കാര്യങ്ങള്‍.