SHARE

വിജയ് ഹസാരെ ട്രോഫിയില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ജാര്‍ഖണ്ഡിനായി നോക്കൗട്ട് സ്‌റ്റേജില്‍ കളിക്കേണ്ടതില്ലെന്ന് ധോണി തീരുമാനിക്കുകയായിരുന്നു. മത്സരപരിചയം ലഭിക്കാമായിരുന്ന അവസരം ധോണി ഒഴിവാക്കിയതില്‍ ആദ്യം വിമര്‍ശനവുമായി വന്ന മുന്‍കാല താരങ്ങള്‍ പക്ഷേ കാരണം കേട്ടപ്പോള്‍ താരത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജാര്‍ഖണ്ഡിനായി കളിക്കേണ്ടതില്ലെന്ന് ധോണി തീരുമാനമെടുത്തതിന് പ്രത്യേക കാരണമുണ്ട്. താന്‍ ടീമിലെത്തിയാല്‍ ഇതുവരെ കളിച്ച ടീമിന്റെ ബാലന്‍സിംഗ് നഷ്ടമാകും. മാത്രമല്ല ഒരു യുവതാരത്തിന്റെ അവസരം കൂടിയാകും അതോടെ ഇല്ലാതാകുന്നത്. ജാര്‍ഖണ്ഡ് കോച്ച് തന്നെയാണ് ധോണി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ മുംബൈയ്ക്കു വേണ്ടി കളിക്കും.

ഒക്ടോബര്‍ പതിനഞ്ചാം തീയതി മഹാരാഷ്ട്രയ്‌ക്കെതിരെയാണ് ജാര്‍ഖണ്ഡിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം ടീം കളിച്ച ആറു വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലും ധോണി കളിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും തുടര്‍ച്ചയായ ബാറ്റിംഗ് പരാജയങ്ങള്‍ ധോണിക്ക് തിരിച്ചടിയാകുന്നുണ്ട്.