SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ കളിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ എബി‌ ഡിവില്ലിയേഴ്സുണ്ടായിരുന്നില്ല. ടീം ദയനീയ പ്രകടനം കാഴ്ച വെക്കുന്ന നടപ്പ്‌ സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന‌ ഡിവില്ലിയേഴ്സ് കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന്റെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാതിരുന്നത് ആരാധകരെ വളരെയേറെ നിരാശപ്പെടുത്തിയിരുന്നു.

നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ എബി ഡിവില്ലിയേഴ്സിന്റെ ഹെൽമറ്റിൽ, ജസ്പ്രിത് ബുംറയെറിഞ്ഞ ബൗൺസർ പതിച്ചിരുന്നു. ഇതേത്തുടർന്ന് നിലത്തിരുന്ന ഡിവില്ലിയേഴ്സ് വൈദ്യസഹായം തേടുകയും ഫിസിയോതെറാപ്പിസ്റ്റ് വന്ന് പരിശോധിച്ചതിന് ശേഷം ബാറ്റിംഗ് പുനരാരംഭിക്കുകയുമായിരുന്നു. ഈ സംഭവമാണ് ഡിവില്ലിയേഴ്സിന് കൊൽക്കത്ത യ്ക്കെതിരെ ഇന്നലെ നടന്ന മത്സരം നഷ്ടപ്പെടുത്തിയത്.

ബുംറയുടെ ബൗൺസർ തലയ്ക്ക് കൊണ്ടത് ഡിവില്ലിയേഴ്സിന് പിന്നീട് വലിയ അസ്വസ്ഥതയാണ്‌ സമ്മാനിച്ചത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപും പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ ഡിവില്ലിയേഴ്സിന് കഴിയാതെ വന്നതോടെ അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരുത്താൻ കോഹ്ലി നിർബന്ധിതനാവുകയായിരുന്നു. എബി അത്ര മികച്ച അവസ്ഥയിൽ അല്ലെന്നും, അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്കെടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും ടോസിനിടെ കോഹ്ലി വ്യക്തമാക്കിയിരുന്നു.