SHARE

ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആ ഭാഗ്യതാരമെത്തി. ഒരു ദിവസം മുമ്പ് മാത്രം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയ മുന്‍ അണ്ടര്‍ 17 ഇന്ത്യന്‍ നായകന്‍ ദീപേന്ദ്രസിംഗാണ് ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് കരണ്‍ സാഹ്നിയെ പിന്‍വലിച്ച് ഈ 19കാരനെ കളത്തിലിറക്കിയത്.

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുള്‍പ്പടെ അധികമാരും പേര് കേള്‍ക്കാത്ത ഈ ബ്ലാസ്റ്റേഴ്‌സ് താരം നിസ്സാരക്കാരനല്ല. തന്റെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് സ്‌പെയിനിലെ സെഗുണ്ട ഡിവിഷനില്‍ ഒരു ക്ലബുമായി കരാറിലെത്തിയ താരമാണ് നേഗി. സ്‌പെയിനിലെ സി എഫ് റയസ് ക്ലബുമായി താരം കരാറിലെത്തിയിരുന്നു. സ്‌പെയിനിലെ പരിശീലനത്തിനിടയില്‍ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വേയുമായി ഇടപഴകാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

രണ്ടാം പകുതി കളി തുടങ്ങി മൂന്നു മിനുട്ടുകള്‍ക്കകം കോച്ച് ജെയിംസിന്റെ വിശ്വാസത്തിന് നേഗി ഉഗ്രനൊരു ഗോള്‍ കൊണ്ട് മറുപടി നല്‍കി. ജാക്കിചന്ദ് എടുത്ത കോര്‍ണര്‍ കിക്കില്‍ മുന്നോട്ട് ഓടിക്കയറിയ നേഗി കാലുയര്‍ത്തി പന്ത് പോസ്റ്റിലേക്ക് അടിച്ചു. ഡല്‍ഹി താരം കാലു ഉച്ചെയുടെ തലയിലുരസി പന്ത് വലയിലേക്ക്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം തിരിച്ചു നല്‍കിയ ഗോള്‍. 58ാം മിനുട്ടില്‍ നേഗി വീണ്ടും പന്ത് പോസ്റ്റിനെ ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും ഇത്തവണ പന്ത് പുറത്തേക്ക് പോവുകയായിരുന്നു.

എഴുപത്തഞ്ചാം മിനുട്ടില്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യം കൊണ്ടുവന്നു. ഡല്‍ഹി ബോക്‌സിന് തൊട്ടു മുമ്പ് നിന്ന് പന്ത് കയ്യിലാക്കിയ ദീപേന്ദ്ര നേഗി, എതിര്‍ പ്രതിരോധത്തെ കീറിമുറിച്ച് ബോക്‌സിനുള്ളില്‍ കയറി. ഉടന്‍ തന്നെ ഡല്‍ഹിതാരം പ്രതീക് ചൗധരിയുടെ ഫൗള്‍. നേഗിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റതാരം ഇയാന്‍ ഹ്യൂം പോസ്റ്റിലേക്ക് അടിച്ച് കയറ്റി. ഒടുവില്‍ മത്സരം അവസാനിക്കുന്നതിന് മുമ്പ് താരത്തിന് അര്‍ഹിച്ച അംഗീകാരവും എത്തി. മത്സരത്തിലെ, ഹീറോ.. ഇനി മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോ..