SHARE

ബ്രസീൽ ഫുട്ബോളിന് ഒരിക്കലും മറക്കാനാകാത്ത നാണക്കേടാണ് കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ വെച്ചുനടന്ന ലോകകപ്പിന്റെ സെമി ഫൈനലിൽ ജർമ്മനിയോടേറ്റ തോൽ വി സമ്മാനിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമ്മൻ നിര അന്ന് ബ്രസീലിനെ തച്ചുതകർത്തത്. ഇപ്പോളും ബ്രസീൽ ആരാധകർ ആ പരാജയത്തിന്റെ ദുഖവും പേറിയാണ് നടക്കുന്നത്. ഇപ്പോളിതാ നാല് വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പ് റഷ്യയിലേക്കെത്തുമ്പോൾ മറ്റൊരു ജർമ്മനി – ബ്രസീൽ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

പ്രീക്വാർട്ടർ മത്സരത്തിലാണ് ജർമ്മനിയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയേക്കുക. പ്രീക്വാർട്ടർ ഫിക്സ്ചർ അനുസരിച്ച് ഗ്രൂപ് ഇ യിലെ ഒന്നാം സ്ഥാനക്കാരും, ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഒരു മത്സരം നടക്കുക. നിലവിൽ ഗ്രൂപ്പ് ഇ യിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും, ഗ്രൂപ്പ് എഫിൽ ജർമ്മനി രണ്ടാം സ്ഥാനത്തുമുണ്ട്. തങ്ങളുടെ അവസാന മത്സരത്തിൽ ബ്രസീൽ സെർബിയയെ പരാജയപ്പെടുത്തിയാൽ അവർ ഗ്രൂപ്പിൽ ഒന്നാമതാകും. ജർമ്മനിയുടെ ഗ്രൂപ്പിൽ നിലവിൽ മുൻപിലുള്ള മെക്സിക്കോ തങ്ങളുടെ ശേഷിക്കുന്ന മത്സരത്തിൽ സമനിലയോ വിജയമോ നേടിയാൽ അവരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇങ്ങനെ വരുമ്പോൾ ജർമ്മനി നോക്കൗട്ടിലേക്ക് യോഗ്യത നേടിയാലും അത് രണ്ടാം സ്ഥാനക്കാരായിട്ടാകും. ഇത്തരത്തിൽ കാര്യങ്ങൾ സംഭവിച്ചാലാണ് ജർമ്മനി-ബ്രസീൽ പ്രീക്വാർട്ടർ മത്സരത്തിന് കളമൊരുങ്ങുക.

ഇരു ടീമുകളും തമ്മിൽ ഇത്തരത്തിൽ ഒരു പ്രീക്വാർട്ടർ മത്സരം വരുകയാണെങ്കിൽ റഷ്യൻ ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിനാകും കളമൊരുങ്ങുക. വർഷങ്ങളായി മനസിലിട്ട് കൊണ്ട് നടക്കുന്ന കണക്ക് തീർക്കാൻ ബ്രസീൽ ടീമും, അവരുടെ ആരാധകരും കാത്തിരിക്കുകയാണ്. അതിന് ഈ ലോകകപ്പിൽ തന്നെ കളമൊരുങ്ങട്ടെയെന്നാണ് അവരുടെ പ്രാർത്ഥന.