മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരത്തിനായി ഇപ്പോൾ കടുത്ത മത്സരം നടക്കുന്നില്ലെന്ന് ബ്രസീലിയൻ ഇതിഹാസതാരം റൊണാള്‍ഡോ. തന്റെ കാലത്തായിരുന്നെങ്കിൽ, ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചേര്‍ന്ന് പത്ത് ബാലണ്‍ ദി ഓര്‍ പങ്ക് വെച്ചതു പോലെ ഒന്നും നടക്കില്ലായിരുന്നെന്നും റൊണാള്‍ഡോ പറഞ്ഞു. ജെര്‍മന്‍ സ്‌പോര്‍ട് വാരികയായ സ്‌പോര്‍ട് ബില്‍ഡിനോടാണ് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്.
താന്‍ ക്രിസ്റ്റ്യാനോയുടേയും മെസിയുടേയും ആരാധകനാണ്. എന്നാല്‍ ഇരുവരേയും ചെറുതായി കാണുകയല്ല, പക്ഷെ ഇന്നത്തെ കാലത്ത് ഇവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടില്ല. താന്‍ കളിച്ചിരുന്നപ്പോള്‍ ബാലണ്‍ ദി ഓര്‍ നേടുകയെന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് റൊണാള്‍ഡോ പറഞ്ഞു. അന്ന് സിനദിന്‍ സിദാന്‍, ലൂയിസ് ഫിഗോ, റിവാള്‍ഡോ, റൊണാള്‍ഡിന്യോ തുടങ്ങിയവരുമായി മത്സരിച്ചാണ് താന്‍ രണ്ട് തവണ ബാലണ്‍ ദി ഓര്‍ സ്വന്തമാക്കിയതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി മെസി ,ക്രിസ്റ്റ്യാനോ എന്നിവര്‍ മാത്രമാണ് ബാലണ്‍ ദി ഓര്‍ നേടുന്നത്. എന്നാല്‍ അതിന് മുന്‍പുള്ള പത്ത് വര്‍ഷം പത്ത് വ്യത്യസ്ത കളിക്കാരാണ് ബാലണ്‍ ദി ഓര്‍ നേടിയതെന്നും റോണോ ഓര്‍മിപ്പിച്ചു.
ബ്രസീലിനായി നാല് ലോകകപ്പുകള്‍ കളിച്ച റൊണാള്‍ഡോ രണ്ട് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2002 ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ റൊണാള്‍ഡോ, 1998-ല്‍ ലോകകപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. 1997, 2002 വര്‍ഷങ്ങളില്‍ ബാലണ്‍ ദി ഓര്‍ ജേതാവും റൊണാള്‍ഡോയാണ്.