SHARE

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയെങ്കിലും യുവരാജ് സിംഗിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾക്ക് ഒരവസരം കൂടി ലഭിക്കും. താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോകുന്ന പ്രധാന താരങ്ങളെ ലേലത്തിന്റെ അവസാന ഘട്ടത്തിൽ ഒരിക്കൽക്കൂടി ലേലത്തിനായി പരിഗണിക്കുന്ന രീതി മുൻ വർഷങ്ങളിലുണ്ടായിരുന്നു‌. ഇത്തവണയും അങ്ങനൊന്ന് ലേലത്തിലുണ്ടാകും. അങ്ങനെ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ യുവരാജിനെപ്പോലെയുള്ള സൂപ്പർ താരങ്ങൾക്കും ഇതിനൊപ്പം ടീമുകൾ ആവശ്യപ്പെടുന്ന താരങ്ങളേയും വീണ്ടും ലേലം വിളിക്കും.

ഈ വർഷത്തെ താരലേലത്തിൽ രണ്ടാം തവണ പരിഗണിക്കുമ്പോൾ യുവിക്ക് ആവശ്യക്കാരുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് യുവരാജിനായി മുന്നോട്ട് വരുമെന്ന് ലേലത്തിന് മുന്നേ വാർത്തകളുണ്ടായിരുന്നു. രണ്ടാം ഘട്ടത്തിൽ വീണ്ടും ലേലം വിളിക്കുമ്പോൾ അത്‌ സംഭവിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

ചരിത്രത്തിലാദ്യമായി ഇത്തവണ ജയ്പൂരിലാണ് ഐപിഎൽ ലേലം നടക്കുന്നത്. ഇത്ര നേരത്തെ ഐപിഎൽ ലേലം നടക്കുന്നതും ഇതാദ്യം. 228 ഇന്ത്യൻ താരങ്ങളടക്കം 350 കളികാരാണ് ലേലത്തിലുള്ളത്. ഇതിൽ വിവിധ ദേശീയ ടീമുകളിൽ കളിച്ച 119 താരങ്ങളുണ്ട്. 20 ലക്ഷം രൂപ മുതൽ 2 കോടി വരെ അടിസ്ഥാന വിലയാണ് ഇത്തവണ ലേലത്തിൽ താരങ്ങൾക്കുള്ളത്. ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്തിയതിനാൽ അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് താരങ്ങളെ എടുക്കുന്നത്