SHARE

പടിക്കൽ കലമുടയ്ക്കുന്ന പതിവുണ്ട് ലിവർപൂളിന്. അതിനാൽ തന്നെ എതിരാളിയേക്കാൾ എത്ര മുന്നിലാണ് ലിവർപൂളെങ്കിലും ആരാധകർക്ക് നെഞ്ചിടിപ്പ് അവസാനം വരെയുണ്ടാകും. എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറി. പരിശീലകൻ യുർ​ഗൻ ക്ലോപ് ക്ലബിലെത്തിച്ച ചില കളിക്കാരാണ് ഈ മാറ്റം കൊണ്ടുവന്നത്.

കഴിഞ്ഞ ജനുവരിയിലാണ് മാറ്റങ്ങൾക്ക് കാരണമായ വമ്പൻ സൈനിങ് ക്ലോപ് നടത്തിയത്. സതാംപ്ടനിൽ നിന്ന് റിക്കാർഡ് തുകയക്ക് പ്രതിരോധതാരം വിർജിൽ വാൻഡൈക്കിനെ കൊണ്ടുവന്നു. ഒരു പ്രതിരോധ താരത്തിന് ഇത്ര വലിയതുകമുടക്കിയതിന് പലരും നെറ്റി ചുളിച്ചു, എന്നാൽ തന്റെ മൂല്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വാൻഡൈക്ക് ഓരോ ദിവസവും. ഈ സീസണിൽ ഇതുവരെ 15 പ്രീമിയർ ലീ​ഗ് മത്സരങ്ങൾ പൂർത്തയായപ്പോൾ ആറ് ​ഗോൾ മാത്രമാണ് ലിവർപൂൾ വഴങ്ങിയത്.

മുൻ വർഷങ്ങളിൽ പ്രതിരോധത്തിലെ പാളിച്ചകളാണ് ലിവർപൂളിനെ നശിപ്പിച്ചിരുന്നതെങ്കിൽ ഇക്കുറി ഏറ്റവും മികച്ച പ്രതിരോധനിരയുള്ള ടീമാണ് ലിവർപൂൾ. സെന്റർ ബാക്കായി വാൻഡൈക്കിന് കൂട്ടായുള്ള ജോ ​ഗോമസും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഡെജാൻ ലോവ്റൻ പരിക്കേറ്റതോടെയാണ് വാൻ ഡൈക്കിന്റ പങ്കാളിയായി ​ഗോമസ് എത്തിയത്. ഇപ്പോൾ ടീമിലെ സ്ഥിരസാന്നിധ്യമാണ് ഈ 21-കാരൻ.

ഇക്കുറി ക്ലോപ് നടത്തിയ മറ്റൊരു മികച്ച ട്രാൻസ്ഫറായിരുന്നു ​ഗോളി അലിസന്റേത്. റോമയിൽ നിന്ന് ബ്രസീൽ ​ഗോളി അലിസൻ എത്തിയത് ലിവർപൂളിന്റെ രക്ഷകനായാണ്. സീസണിൽ ഇതുവരെ ഒമ്പത് ക്ലീൻ ഷീറ്റുകളാണ് അലിസൻ നേടിയത്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിലാണ് ലിവർപൂൾ. അലിസനപ്പം  ക്ലോപ് ടീമിലെത്തിച്ച നബി കെയ്റ്റ, സ്വറ്റ്സർലൻഡ് താരം ഷെർദാൻ ഷാഖിരി എന്നിവരും ഈ കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്നു