SHARE

ഈ വർഷം നടന്ന പതിനാലാം സീസൺ ഐപിഎല്ലോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയിരുന്നു‌. അതു കൊണ്ടു തന്നെ അടുത്ത വർഷം മുതൽ പുതിയ ക്യാപ്റ്റന് കീഴിലാകും ബാംഗ്ലൂർ കളിക്കുക‌. എന്നാൽ വരും സീസണിൽ കോഹ്ലിക്ക് പകരം ടീമിന്റെ നായകനാരായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ ബാംഗ്ലൂർ ഫ്രാഞ്ചൈസി തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.

ബാംഗ്ലൂരിനെ അടുത്ത സീസണിൽ നയിക്കുക ആരായിരിക്കുമെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറായിരിക്കാം ആ സ്ഥാനത്തേക്കെത്തുകയെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. അടുത്ത സീസണിൽ വാർണർ ബാംഗ്ലൂരിലെത്തിയാൽ താൻ അദ്ഭുതപ്പെടില്ലെന്ന് പറയുന്ന അദ്ദേഹം ബാംഗ്ലൂരിന് മികച്ചൊരു നേതാവിനെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. കോഹ്ലി ക്യാപ്റ്റൻസി ഉപേക്ഷിച്ചതിനാൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡുള്ള ഡേവിഡ് വാർണറെ അടുത്ത സീസണിൽ സ്വന്തമാക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രമിച്ചേക്കുമെന്നാണ് ഹോഗിന്റെ പക്ഷം.

“അദ്ദേഹം (ഡേവിഡ് വാർണർ) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയാൽ ഞാൻ അതിൽ അത്ഭുതപ്പെടില്ല. കാരണം ബാംഗ്ലൂരിലുള്ളത് പോലെയുള്ള വിക്കറ്റ് അദ്ദേഹത്തിന് അനുയോജ്യമാകും. അവർക്ക് ഒരു നേതാവിനേയും വേണം. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിനാൽ വാർണറുടെ ക്യാപ്റ്റൻസി റെക്കോർഡ് കാരണം ആർസിബി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയേക്കാം.” തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെ ഹോഗ് വ്യക്തമാക്കി.

അതേ സമയം ഐപിഎല്ലിൽ ഏറെക്കാലം സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിച്ച വാർണർ 2016 സീസൺ ഐപിഎല്ലിൽ അവരെ കിരീട നേട്ടത്തിലേക്കും നയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ‌ സീസണിൽ ടീം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായ അദ്ദേഹം അടുത്ത സീസണിൽ ഹൈദരാബാദ് ടീമിലുണ്ടായിരിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.