SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലിവർപൂളിലെത്തി വെറും രണ്ടാം ദിനം തന്നെ അരങ്ങേറ്റം നടത്തിയ സ്പാനിഷ് താരം തിയാ​ഗോ അൽക്കാൻട്ര കളിയവസാനിപ്പിച്ചത് ഒരു റെക്കോർഡുമായി. പ്രീമിയർ ലീ​ഗ് മത്സരത്തിൽ ഒരു പകുതി മാത്രം കളിച്ച് ഏറ്റവുമധികം പാസ് ചെയ്യുന്ന താരമെന്ന റെക്കോർഡാണ് ചെൽസിക്കെതിരായ മത്സരത്തിൽ തിയാ​ഗോ സ്വന്തമാക്കിയത്.

സ്പാനിഷ് താരമായ തിയാ​ഗോയുടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിൽ നിന്ന് ലിവർപൂളിലേക്കുള്ള ട്രാൻസ്ഫർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയായിരുന്നു. തുടർന്ന് ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ തിയാ​ഗോയേയും പരിശീലകൻ യുർ​ഗൻ ക്ലോപ്പ് ഉൾപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സന് പകരം തിയാ​ഗോ കളിത്തിലിറങ്ങുകയും ചെയ്തു.

തുടർന്ന് 45 മിനിറ്റ് ലിവർപൂൾ മധ്യനിര ഭരിച്ച തിയാ​ഗോ 75 തവണയാണ് പന്ത് സഹതാരങ്ങൾക്ക് പാസ് ചെയ്തത്. ഇത് പ്രീമിയർ ലീ​ഗ് റെക്കോർഡാണ്. 90 മിനിറ്റും കളിച്ച ചെൽസി താരങ്ങളേക്കാളേറെ തവണ തിയാ​ഗോ പന്ത് കൈമാറിയെന്ന് കൂടിയറിയുമ്പോൾ വ്യക്തമാകും കളിയിൽ ഈ സ്പാനിഷ് താരത്തിന്റ സ്വാധീനം.

അതേസമയം തന്നെ മത്സരത്തിൽ ഒരു പെനാൽറ്റി വഴങ്ങിയത് തിയാ​ഗോയുടെ പ്രീമിയർ ലീ​ഗ് അരങ്ങേറ്റത്തിന് അൽപ്പം മങ്ങലേൽപ്പിച്ചു. ചെൽസി താരം ടിമോ വെർണറെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. എന്നാൽ ജോർജീന്യോ എടുത്ത കിക്ക് അലിസൻ ബെക്കർ തടുത്തിട്ടതോടെ തിയാ​ഗോയ്ക്ക് ആശ്വാസമായി.