36-ാം വയസിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിലെത്തി ഉശിരൻ പ്രകടനം നടത്തുകയാണ് ബ്രസീലിയൻ താരം തിയാഗോ സിൽവ. ഈ പ്രായത്തിൽ കടുപ്പമേറിയ പ്രീമിയർ ലീഗിൽ കഷ്ടപ്പെടുമെന്ന് പറഞ്ഞവരുടെയൊക്കെ വായടപ്പിക്കുന്ന പ്രകടനമാണ് സിൽവ പുറത്തെടുത്തത്.
ചെൽസിക്ക് പുറമെ, പി.എസ്.ജി, എ.സി.മിലാൻ, ഫ്ലുമിനെൻസ് തുടങ്ങി ഒട്ടേറെ ക്ലബുകളിൽ കളിച്ചിട്ടുണ്ട് സിൽവ. അതിനാൽ തന്നെ ഒട്ടേറെ മികച്ച പരിശീലകരുടെ കീഴിലും സിൽവയ്ക്ക് കളിക്കാൻ അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം ബ്രസീൽ ഫുട്ബോളിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ കരിയറിൽ ഏറ്റവും സ്വാധീനിച്ച മൂന്ന് പരിശീലകരെക്കുറിച്ച് സിൽവ മനസുതുറന്നു.
ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ടിറ്റെ, മുൻ പി.എസ്.ജി പരിശീലകരായ കാർലോ ആൻചലോട്ടി, തോമസ് ടുഷേൽ എന്നിവരാണ് കരിയറിൽ ഏറെ സ്വാധിനീച്ച പരിശീലകരെന്നാണ് സിൽവ പറയുന്നത്. ഇതിൽ തന്നെ ആൻചലോട്ടിയും ടിറ്റെയും തമ്മിൽ ഏറെ സാമ്യതകളുണ്ടെന്നും സിൽവ കൂട്ടിച്ചേർത്തു. കരിയറിന്റെ തുടകത്തിൽ ഏറെ സഹായിച്ച ഇവോ വോർട്ട്മാൻ, ഓസ്വാൾഡോ ഒളിവേര, റെനാറ്റോ ഗോച്ചോ തുടങ്ങിയ ബ്രസീലിയൻ പരിശീലകരും തന്നെ ഏറെ സ്വാധീനിച്ചതായി സിൽവ വ്യക്തമാക്കി.
താൻ എല്ലാക്കാലത്തും മുൻ ക്ലബായ പി.എസ്.ജിയുടെ ആരാധകനായി തുടരുമെന്നും ഈ അഭിമുഖത്തിൽ സിൽവ പറഞ്ഞു. വ്യക്തിപരമായി ഞാൻ എന്നും പി.എസ്.ജിയെ പിന്തുണയ്ക്കും, വളരെ നന്നായി പ്രവർത്തിക്കുന്ന ക്ലബാണത്, അവിടം വിട്ടുപോരാൻ വലിയ ബുദ്ധിമുട്ടായിരുന്നു.