SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചു കൊ‌ണ്ടിരിക്കുന്നതിനിടെ ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കുന്നത് ശരിയായ കാര്യമല്ലെന്ന് രാജസ്ഥാൻ റോയൽസ് നായകനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസൺ.‌ ഐപിഎല്ലിനിടെ ആൾക്കാർ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനെക്കുറിച്ച് ഒത്തിരി സംസാരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജു, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ ടീമിലേക്ക് നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു നിലവിൽ ഐപിഎല്ലിനായി യു എ ഇ യിലുള്ള സഞ്ജു ഇങ്ങനെ പറഞ്ഞത്.

“നിങ്ങൾ ഒരു ഐപിഎൽ ടീമിനായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ച് ആലോചിക്കുന്നത് ഒരു മോശം ചിന്താഗതിയാണ്. ആളുകൾ ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ചും, ടീമിൽ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനെക്കുറിച്ചും ധാരാളം സംസാരിക്കും.‌ പക്ഷേ അത് (ഇന്ത്യൻ ടീം സെലക്ഷൻ) യഥാർത്ഥത്തിൽ ഒരു ഉപോൽപ്പന്നമാണ്. നിങ്ങൾ മികച്ച പ്രകടനം നടത്തിയാൽ നിങ്ങളെത്തേടി അവസരങ്ങളുമെത്തും.” സഞ്ജു പറഞ്ഞു.

ഐപിഎൽ അടുത്തയാഴ്ച യു എ ഇ യിൽ പുനരാരംഭിക്കാനിരിക്കെ ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ച് തനിക്ക് യാതൊരു സന്ദേഹവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജു, മനസിൽ ഒന്നുമില്ലാതെ ഐപിഎല്ലിലേക്ക് പോകേണ്ടത് പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.

“ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടൂർണമെന്റാണ് ഐപിഎല്ലെന്ന് ഞാൻ കരുതുന്നു. അത് നിങ്ങളെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തും. ആളുകൾ എന്നെക്കുറിച്ച് നല്ല കാര്യങ്ങളും അത് പോലെ മറ്റ് കാര്യങ്ങളും പറയുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സ്വാഭാവികമായിക്കഴിഞ്ഞു.” സഞ്ജു സാംസൺ പറഞ്ഞു നിർത്തി.