SHARE

സീസണവസാനത്തോടെ യുവന്റസ് വിടുമെന്ന് ഘാന താരം ഖ്വാദോ അസമോ. ആറ് വർഷം യുവന്റസിൽ കളിച്ച ശേഷമാണ് 29 കാരനായ അസമോ ടീം വിടാനൊരുങ്ങുന്നത്. ഇറ്റലിയിലെ തന്നെ കരുത്തരായ ഇന്റർ മിലാനിലേക്ക് അസമോ ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ സ്വിസ് പ്രതിരോധ താരം സ്റ്റെഫാൻ ലിച്ച്സ്റ്റൈനറും ഇതിഹാസ ​ഗോൾക്കീപ്പർ ജിയാൻലൂയി ബഫണും സീസണവസാനത്തോടെ ക്ലബ് വിടുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അസോമയും ക്ലബ് വിടാനൊരുങ്ങുന്നത്. കരാർ പുതുക്കാമെന്നുള്ള യുവന്റസിന്റെ വാ​ഗ്ദാനം തള്ളിയാണ് അസമോ ക്ലബ് വിടുന്നത്.

ക്ലബ് വിടുകയാണെന്ന കാര്യം അസമോ തന്നെയാണ് അറിയിച്ചത്. വളരെയേറെ ദുഖത്തോടെയും സങ്കടത്തോടെയുമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും അസമോ വ്യക്തമാക്കി. യുവന്റസിനൊപ്പമുള്ള ആറ് സീസണുകളിൽ 13 കിരീടം അസമോ സ്വന്തമാക്കി.രണ്ട് തവണ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിയ ടീമിലും അസമോ അം​ഗമായിരുന്നു.

2012-ൽ യുഡനിസിൽ നിന്നാണ് അസമോ യുവന്റസിലെത്തിയത്. സെൻട്രൽ മിഡഫീൽഡറായും,ഇടതുവിങ്ങിലും മാറി മാറി കളിക്കാൻ ശേഷിയുള്ള താരമായിരുന്നു അസമോ. യുവന്റസിനായി 159 മത്സരങ്ഹൾ അസമോ കളിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിനായി 69 മത്സരങ്ങളിലും അസമോ ബൂട്ടുകെട്ടിയിട്ടുണ്ട്.