SHARE

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തങ്ങളുടെ പന്ത്രണ്ടാം പോരാട്ടത്തിനിറങ്ങുകയാണ്‌ കേരളാ ബ്ലാസ്റ്റേഴ്സ്. എതിരാളികൾ കരുത്തരായ എഫ് സി ഗോവ. സീസണിൽ മുൻപ് ഗോവയെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോൾ 5-2 എന്ന കനത്ത തോൽവിയാണ് കേരളത്തെ കാത്തിരുന്നത്. എന്നാൽ അന്നത്തെ മത്സരത്തിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്നും ആ തോൽവിയുടെ ഓർമ്മകൾ ഈ ടീമിനെ അലട്ടുന്നില്ലെന്നും പറയുന്നത് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസാണ്.

ജെയിംസ് പറയുന്നു ” ഗോവയ്ക്കെതിരെ മുൻപ് കളിച്ച അതേ താരങ്ങൾ തന്നെയാണ് ഇപ്പോളും നമ്മോടൊപ്പമുള്ളതെങ്കിലും അന്നത്തെ ടീമല്ല ഇപ്പോൾ കേരളത്തിന്റേത്. ടീമും അവരുടെ കളിക്കളത്തിലെ സമീപനങ്ങളും തീർത്തും മാറിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിൽപ്പോലും അവിടെയും
ശുഭസൂചനകൾ ധാരാളമുണ്ടായിരുന്നു. തോൽവിയിലും പോസിറ്റീവായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നത് ഏറെ പ്രധാനമായ കാര്യമാണ്. കിസിറ്റോയ്ക്കേറ്റ പരിക്ക് പോലെ നമുക്ക് ചില തിരിച്ചടികൾ ലഭിച്ചിട്ടുണ്ടെന്നത് സത്യം, എന്നാൽ അതൊക്കെ തരണം ചെയ്യാൻ ഈ ടീമിന് കഴിയും. മുൻപ് ഗോവയ്ക്കെതിരെ കളിച്ച കേരളമല്ല ഇന്ന് മത്സരിക്കാനിറങ്ങുക. അവരുടെ ശരീരഭാഷയൊക്കെ പാടേ മാറിയിരിക്കുന്നു”. ജെയിംസ് പറഞ്ഞു നിർത്തി.

നിലവിൽ 11 മത്സരങ്ങളിൽ 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളം. 9 മത്സരങ്ങളിൽ 16 പോയിന്റുള്ള ഗോവ നാലാം സ്ഥാനത്തും. ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും.