SHARE

കൊച്ചിയില്‍ എണ്ണത്തില്‍ കുറവെങ്കിലും ആവേശം കുറയാത്ത ആരാധകര്‍ക്ക് നടുവില്‍, പൂനെയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിറകറ്റുവീണു. രണ്ടാം പകുതിയില്‍ ദിമിതര്‍ ബര്‍ബറ്റോവിന് പകരമിറങ്ങിയ പുതിയ അതിഥിയായ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോയുടെ മികവില്‍, ജീവന്‍ തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സ് ഗോൾ തിരിച്ചടിച്ച് സമനിലയും വാങ്ങി. ആരാധകര്‍ ഹാപ്പി. സമൂഹമാധ്യമങ്ങളില്‍ കെസീറോണ്‍ കിസീറ്റോയെ പുകഴ്ത്തിയുള്ള പോസ്റ്റുകള്‍. ഇതിനിടയിലും കുറേപേര്‍, വയസന്‍ ബെര്‍ബ, കിളവന്‍ ബെര്‍ബാറ്റോവ് എന്നൊക്കെ പറഞ്ഞ് ആക്ഷേപവുമായെത്തിയിട്ടുണ്ട്.

ശരിയാണ് ബെര്‍ബറ്റോവ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. എന്നാല്‍ വിമര്‍ശനം അതിരുവിടുന്നതിന് മുമ്പ് ഒന്നു തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും, ബെര്‍ബയുടെ സുവര്‍ണ ചരിത്രത്തിലേക്ക് മാത്രമല്ല ഐ.എസ്.എല്ലിന്റെ കഴിഞ്ഞ സീസണുകളിലേക്ക് കൂടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന ഐ.എസ്.എല്ലിന്റെ നാലാം സീസണാണിത്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാധകരുടെ എണ്ണത്തിലും കളിനിലവാരത്തിലും പിന്നിലാണ് ഐ.എസ്.എല്ലിന്റെ സ്ഥാനം.

ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഉണര്‍വ് നല്‍കാനും കളിയുടെ നിലവാരം കൂട്ടാനും, ഭാവി ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുമാണ് ഐ.എസ്.എല്‍ എന്ന് ആരും വിശ്വസിക്കില്ല. അതിന് മുകളില്‍ കച്ചവട താല്‍പര്യങ്ങളുണ്ട്. ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനും കൊല്‍കത്തയ്ക്കും കിട്ടുന്ന പിന്തുണ മറ്റ് ക്ലബുകള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ലീഗിലുള്ള പത്ത് ടീമുകള്‍ക്കും നല്ല പിന്തുണ കിട്ടിയാലേ, സ്റ്റേഡിയം നിറഞ്ഞാലേ കാര്യമുള്ളു.

ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയ സിനിമാ നടന്മാരോ, സച്ചിന്‍ തെണ്ടുല്‍ക്കറെന്ന ക്രിക്കറ്റ് താരമോ, നിതാ അംബാനി എന്ന വ്യവസായ പ്രമുഖയേയോ ഉയര്‍ത്തിക്കാട്ടിയാല്‍ ഐ.എസ്.എല്ലിന് ലോകഫുട്‌ബോളില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കില്ല. അതിന് വേണ്ടത് ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെയാണ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ കളിക്കുന്ന ടീമെന്ന് പറയുന്നതിനാണ് ആ നാട്ടിലെ പ്രമുഖ സിനിമാതാരങ്ങള്‍ ഉടമകളായിട്ടുള്ള ടീമെന്ന് പറയുന്നതിനേക്കാള്‍ വില ലഭിക്കുകയുള്ളു. ഫുട്ബോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന കളിയാണ്. അതുകൊണ്ട് തന്നെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ, മരിയ ഷെറപ്പോവ ഒരിക്കലും ബെര്‍ബറ്റോവിനെ അറിയില്ലെന്ന് പറയാന്‍ സാധ്യതയില്ല.

2014-ല്‍ ഐ.എസ്.എല്‍ തുടങ്ങിയതിന് ശേഷം മാത്രം ഫുട്‌ബോള്‍ കണ്ട് തുടങ്ങിയ വലിയൊരു വിഭാഗം ആരാധകരുണ്ട് കേരളത്തില്‍. അവരുടെ കണ്ണില്‍ പൂനെയുടെ മാഴ്‌സെലീഞ്ഞോയും, ഗോവയുടെ കോറയുമൊക്കെയാണ് സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ ലോക ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍, ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലിലെ, റിയോ ഡി ജെനീറോയിലോ, സാവോ പോളോയിലോ, അതല്ലെങ്കില്‍ കോപ്പകബാന ബീച്ചിലോ പന്ത് തട്ടി കളിക്കുന്ന ലക്ഷക്കണക്കിന് ബ്രസീലുകാരില്‍ ഒരാള്‍ മാത്രമാണ് മാഴ്‌സെലീഞ്ഞോ.

ഒരു ഫുട്ബോളറുടെ കരിയറില്‍ 33 വയസ് കഴിഞ്ഞാല്‍ പിന്നെ വാര്‍ദ്ധക്യം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം പരിക്കും ഫോം നഷ്ടപ്പെടലും, മെയ് വഴക്കം ഇല്ലാതാകുകയുമൊക്കെ ചെയ്യാം. കടുത്ത മത്സരങ്ങള്‍ നടക്കുന്ന യൂറോപ്യന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ കളിച്ചവര്‍ക്കൊക്കെ, 32 വയസിന് ശേഷം കളിക്കുന്നതെല്ലാം തന്നെ അധികമായി ലഭിക്കുന്നതാണ്. അതിനാല്‍ തന്നെ 36 വയസുള്ള ബെര്‍ബറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സും, 38 വയസുള്ള റോബീ കീനെ കൊല്‍ക്കത്തയും സൈന്‍ ചെയ്യുമ്പോള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് പരിമിതികളുണ്ട്. അത് ആരാധകര്‍ മറക്കുന്നു എന്നതാണ് സത്യം.

ലോകത്തിന് മുന്നില്‍ തങ്ങളുടെ കളിമികവ് എപ്പോളേ തെളിയിച്ചവരാണിവര്‍, ഇവര്‍ക്കിനി ഇന്ത്യയിലെ ഒരു വിഭാഗം ആരാധകരുടെ അംഗീകാരത്തിന്റെ ആവശ്യമില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലെ തന്നെ പ്രശസ്തമാകാന്‍ ശ്രമിക്കുന്നവരാണ് ചൈനീസ് ലീഗും, ഐ.എസ്.എല്ലില്‍ ലഭിക്കുന്നതിന്റെ പത്തിരട്ടിയോളം പ്രതിഫലം നല്‍കിയാണ് ടീമുകൾ അവിടേക്ക് കളിക്കാരെ എത്തിക്കുന്നത്. വേണമെങ്കില്‍ അവിടേയ്ക്ക് ശ്രമം നടത്താമായിരുന്നിട്ടും അത് വേണ്ടെന്ന് വെച്ച് ഇന്ത്യയിലേക്കെത്തിയതും പോരാഞ്ഞിട്ട്, ഈ പ്രായത്തിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊസിഷനും മറ്റും മാറാന്‍ തയ്യാറായവരാണിവരെന്നത് മറക്കരുത്.

ഇനി ഐ.എസ്.എലിന്റെ മുന്‍ വര്‍ഷങ്ങള്‍ പരിശോധിക്കാം, റോബര്‍ട്ടോ കാര്‍ലോസ്, ലൂസിയോ, മാര്‍ക്കോ മറ്റെരാസി, അലെസാന്ദ്രോ ദെല്‍ പിയറോ, ഡേവിഡ് ട്രെസഗേ, റോബര്‍ട്ട് പിറസ്, അലെസാന്ദ്രോ നെസ്റ്റ, ജോണ്‍ കാപ്‌ഡെവില്ല, കാര്‍ലോസ് മര്‍ച്ചേന തുടങ്ങിയ ലോകകപ്പ് ജേതാക്കള്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ, രാജ്യന്തരതലത്തിലും ക്ലബ് തലത്തിലും മികച്ച പ്രകടനം നടത്തിയ ഒട്ടേറെ താരങ്ങളും ഐ.എസ്.എല്ലില്‍ കളിച്ചിട്ടുണ്ട്.

ജോണ്‍ ആര്‍നെ റിസ്സെ, ഫ്‌ലോറന്റ് മലൂദ, നിക്കോളാസ് അനെല്‍ക്ക,ഡീഗോ ഫോര്‍ലാന്‍, എലാനോ, സില്‍വസ്റ്റര്‍, ആരോണ്‍ ഹ്യൂസ്, ഫ്രെഡി ല്യൂങ്ബര്‍ഗ്, അഡ്രിയാന്‍ മുട്ടു, ദിദിയര്‍ സൊക്കോറ, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങി ഒട്ടേറെപേര്‍. ഇവരില്‍ ഭൂരിഭാഗം പേരും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് ഐ.എസ്.എല്ലില്‍ കളിക്കാനെത്തിയത്. ഇവര്‍ എല്ലാവരും തന്നെ അവരുടെ നല്ലകാലവും, സുവര്‍ണകാലവും യൂറോപ്പിലും മറ്റും കളിച്ച് തീർത്തതിന് ശേഷമാണ് ഇന്ത്യയിലെത്തിയത്. ടീമിന്റെ കളി മെച്ചപ്പെടുത്തുക എന്നതിനപ്പുറം ടീമിന് പ്രശസ്തി ലഭിക്കുക എന്നതായിരുന്നു ഇവരെ ഐ എസ് എല്ലിൽ എത്തിച്ചതിലൂടെ ടീം അധികൃതരും ലക്ഷ്യമിട്ടത്.

ഇവരില്‍ ഫ്‌ലോറന്റ് മലൂദ, എലാനോ, റീസ്സെ, ഹ്യൂസ് , ഫോര്‍ലാന്‍ തുടങ്ങിയവര്‍ മികച്ച കളി പുറത്തെടുത്തു. എന്നാല്‍ ബാക്കിയുള്ളവരിൽ ഭൂരിപക്ഷവും പരിക്കിന്റെപിടിയിലമര്‍ന്ന് ലീഗ് ഉപേക്ഷിച്ചുപോകുകയോ, മോശം ഫോമില്‍ കളിക്കുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് പഴയ കളികള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. സ്‌പെയിനില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള അത്ര പ്രശസ്തരല്ലാത്ത, സ്പാനിഷ് ലീഗിലും മറ്റ് രണ്ടാം നിര ടീമുകളില്‍ കളിച്ചിട്ടുള്ളവരുമാണ് എല്ലാ സീസണുകളിലും മികച്ച് നില്‍ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഐ-ലീഗിലും സമാനമായ പ്രകടനമാണ് നടക്കുന്നത്, ആഫ്രിക്കയില്‍ നിന്നും മറ്റുമുള്ള കളിക്കാര്‍ അവിടെയും മികച്ച പ്രകടനം നടത്തുന്നു. ഐ-ലീഗില്‍ ഒരു ടീമിനും ലോകമറിയുന്ന കളിക്കാരില്ല, എന്നാല്‍ ഐ.എസ്.എല്‍ അങ്ങനെയല്ല. അതില്‍ നിന്ന് വ്യക്തമാകുന്നത് തന്നെ രണ്ട് ലീഗുകളോടുമുള്ള ആരാധകരുടേയും അധികൃതരുടേയും സമീപനം രണ്ടാണ് എന്നതാണ്.

ബ്ലാസ്റ്റേഴ്‌സ് ബെര്‍ബറ്റോവിനെ ടീമിലെത്തിക്കുമ്പോള്‍, പ്രായം 36- ആണ്. എന്നാല്‍ അയാള്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം വെറുതെയിരിക്കുകയായിരുന്നില്ല. യൂറോപ്പ ലീഗിലടക്കം കളിച്ച ഒരു ഗ്രിക്ക് ടീമില്‍ നിന്നാണ് ബെര്‍ബ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. ഗോളടിവീരനായ ബെര്‍ബ ഇതുവരെ ഗോളടിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ബെര്‍ബയുട കളികണ്ട് പരിചയമുള്ളവര്‍ക്ക്, കുറ്റം പറയാനാവില്ല, കാരണം ബെര്‍ബ ഒരു ഫിനിഷറാണ്, അല്ലാതെ ക്രിയേറ്റര്‍ അല്ല.