SHARE

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാന്മാരിലൊരാളാണ് കെ എൽ രാഹുൽ. ‌ടൂർണമെന്റിൽ പഞ്ചാബിന്റെ നായക‌ൻ കൂടിയായ രാഹുൽ കഴിഞ്ഞ വർഷം യു എ ഇ യിൽ നടന്ന പതിമൂന്നാം എഡിഷൻ ഐപിഎല്ലിലെ ടോപ് സ്കോറർ കൂടിയായിരുന്നു. എന്നാൽ റൺ വേട്ടയിൽ മുന്നിലെത്തിയ സീസണിലും താരത്തിന്റെ പതുക്കെയുള്ള ബാറ്റിംഗ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി.

2020 സീസൺ ഐപിഎല്ലിൽ 14 മത്സരങ്ങളിൽ 670 റൺസ് അടിച്ചു കൂട്ടിയെങ്കിലും 129.35 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്.‌ പവർപ്ലേയിലെ‌ രാഹുലിന്റെ മെല്ലെപ്പോക്കൻ ബാറ്റിംഗ്, പല മത്സരങ്ങളിലും ടീമിന് വിനയായതായി വിലയിരുത്തപ്പെട്ടു.‌ എന്നാൽ ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിൽ രാഹുലിന്റെ ബാറ്റിംഗ് രീതിയിൽ മാറ്റം വരുമെന്നും, കൂടുതൽ ആക്രമണകാരിയായ രാഹുലിനെ നിങ്ങൾക്ക് കാണാനാകുമെന്നും പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായ വസീം ജാഫർ.

കഴിഞ്ഞ വർഷം ക്രീസിൽ ഉറച്ച് നിന്ന് കളിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും അതിനാലാണ്‌ സ്ട്രൈക്ക് റേറ്റിൽ കുറവ് വന്നതെന്നുമാണ് ജാഫറിന്റെ പക്ഷം. അഞ്ചാം നമ്പരിന് ശേഷം ടീമിന്റെ ബാറ്റിംഗ് കരുത്ത് കുറവായതിനാലും, ഗ്ലെൻ മാക്സ്‌വെല്ലിന് തിളങ്ങാനാവാതിരുന്നതിനാലും, ക്രീസിൽ പിടിച്ചു നിന്ന് കൊണ്ട് കളിക്കാൻ രാഹുൽ നിർബന്ധിതനാവുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ജാഫർ, ഇക്കുറി എല്ലാവരും ആക്രമണകാരിയായ രാഹുലിനെ കാണുമെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ വ്യക്തമാക്കി.

അതേ സമയം ഐപിഎല്ലിന്റെ കഴിഞ്ഞ 3 സീസണുകളിലും 550 ലധികം റൺസ് സ്കോർ ചെയ്ത ബാറ്റ്സ്മാനാണ് രാഹുൽ. 2018 ൽ 14 മത്സരങ്ങളിൽ നിന്ന് 659 റൺസ് നേടിയ താരം, 2019 ൽ 593 റൺസും, 2020 ൽ 670 റൺസുമാണ് സ്കോർ ചെയ്തത്. ഐപിഎല്ലിലെ മൊത്തം കണക്കെടുത്താൽ 81 മത്സരങ്ങളിൽ 44.86 ബാറ്റിംഗ് ശരാശരിയിൽ 2647 റൺസാണ് രാഹുലിന്റെ സമ്പാദ്യം.