SHARE

ബയേൺ മ്യൂണിച്ച് ടീമിൽ സ്ഥിരം പകരക്കാരനാകുന്നതിൽ സൂപ്പർ താരം തോമസ് മുള്ളർ കലിപ്പിൽ. ആവശ്യത്തിന് അവസരം ലഭിച്ചില്ലെങ്കിൽ ബയേൺ വിടുന്ന കാര്യം ആലോചിക്കുമെന്നാണ് മുള്ളറിന്റെ നിലപാട്.

പത്താം വയസുമുതൽ ബയേണിന്റെ ഭാ​ഗമാണ് മുള്ളർ. എന്നാൽ ഈ സീസണിൽ മുള്ളറിന് ക്ലബിൽ ആദ്യ ഇലവനിൽ സ്ഥാനം കുറവാണ്. മുന്നേറ്റനിരക്കാരനാണെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് മുള്ളർ കളിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ ഫിലിപ്പ് കുട്ടീന്യോ ബയേണിലെത്തിയതോടെയാണ് മുള്ളറിന് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായത്.

ഇതിനുപിന്നാലെ ബയേൺ വിടാനുള്ള അനുമതി മുള്ളർ തേടിയതായി ചില റിപ്പോർട്ടുകൾ വന്നു. തുടർന്ന് പകരക്കാരനാക്കുന്നതിലുള്ള അതൃപ്തി മുള്ളർ തന്നെ സമ്മതിച്ചു. പരിശീലകൻ നിക്കോ കോവാക്കുമായി ഇക്കാര്യം സംസാരിച്ചെന്നും മുള്ളർ പറഞ്ഞു. തന്നെ തുടർന്നും പകരക്കാരനാക്കാണ് തീരുമാനമെങ്കിൽ, ക്ലബ് വിടുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നും മുള്ളർ കിക്കർ മാസികയോട് പറഞ്ഞു.

ഇക്കുറി ബുന്ദസ്ലി​ഗയിൽ ഇതുവരെ ​ഗോളൊന്നും നേടാൻ മുള്ളറിനായില്ല. എങ്കിലും ലഭിച്ച പരമിതമായ അവസരങ്ങളിൽ നാല് ​ഗോളുകൾക്ക് വഴിയൊരുക്കി മുള്ളർ മികവ് തെളിയിച്ചു. ചാമ്പ്യൻസ് ലീ​ഗിൽ ഒരു ​ഗോളും മുള്ളർ നേടി.