ചെക് റിപ്പബ്ലിക്കിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ തോമസ് റോസിക്ക് പ്രെഫഷണല്‍ ഫുട്ബോളിനോട് വിടപറഞ്ഞു. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും തന്നെ കളി നിര്‍ത്താന്‍ പ്രേരിപ്പിച്ചതായി വിടവാങ്ങല്‍ സന്ദേശത്തില്‍ റോസിക്കി പറഞ്ഞു. ദ ലിറ്റില്‍ മൊസാര്‍ട്ട് എന്നു വിളിപ്പേരുള്ള ഈ 37കാരന് ചെക് ഫുട്ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. നേരത്തെ തന്നെ അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിച്ചിരുന്ന താരം ചെക് ലീഗില്‍ എസി സ്പാര്ട്ടയിലാണ് കളി അവസാനിപ്പിച്ചത്.
തന്റെ പ്രെഫഷണല്‍ കരിയര്‍ ആരംഭിച്ച സ്പാര്‍ട്ടയുടെ ജേഴ്സിയില്‍ തന്നെയാണ് അദേഹം അവസാന മത്സരവും കളിച്ചത്. 1998ലാണ് അദേഹം സ്പാര്‍ട്ടയില്‍ ചേരുന്നത്. പിന്നീട് 2001ല്‍ ജര്‍മന്‍ ക്ലബ് ബെറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് പോയി. അവിടെ അഞ്ചുവര്‍ഷം കൊണ്ട് 149 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 20 തവണ വലകുലുക്കുകയും ചെയ്തു. പിന്നീട് 2016 വരെ പത്തുവര്‍ഷത്തോളം ആഴ്സണല്‍ ക്ലബിന്റെ മധ്യനിരയുടെ താളമായിരുന്നു ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍. 170 കളികളില്‍ 19 തവണ ആഴ്സണലിനായി എതിര്‍വലയില്‍ പന്തെത്തിച്ച റോസിക്കി സഹതാരങ്ങളെ ഗോളടിപ്പിക്കുന്നതിലാണ് ഏറെ ശ്രദ്ധേയനായത്.
അനായാസ ശൈലിയും ബുദ്ധികൂര്മതയുമാണ് റോസിക്കിയുടെ പ്രത്യേകത. ആഴ്സണലില്‍ രണ്ടുതവണ എഫ്എ കപ്പ് നേട്ടത്തില്‍ പങ്കാളിയാകാനും സാധിച്ചു. ചെക് റിപ്പബ്ലിക്കിനുവേണ്ടി ലോകകപ്പ്, യൂറോകപ്പുകളിലായി 105 തവണ ജേഴ്സിയണിയാന്‍ സാധിച്ചു. പീറ്റര്‍ ചെക്കും കരേല് പോബോര്സ്കിയും കഴിഞ്ഞാല്‍ ചെക് റിപ്പബ്ലിക്കിനായി ഏറ്റവുമധികം തവണ കളിച്ചതും റോസിക്കി തന്നെ. 23 ഗോളുകളും അദേഹത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നു.