ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര പ്രീ സീസണ് ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍ നടക്കുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മെല്‍ബണ്‍ സിറ്റിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിടുന്നില്ല. വമ്പന്‍ ടീമുകളോട് ഏറ്റുമുട്ടുന്നത് ഐ എസ് എല്ലില്‍ ഏറെ സഹായിക്കുമെന്നാണ് ആരാധകരുടെ പക്ഷം.
അതിനിടെ ജിറോണാ, മെല്‍ബണ്‍, ബ്ലാസ്റ്റേഴ്സ് നായകന്മാര് കേരളാ സ്റ്റൈലില്‍ മുണ്ടുടുത്ത് പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാരിയോറ്റ് ഹോട്ടലില്‍ നടന്ന ക്യാപ്റ്റന്‍സ് മീറ്റിലാണ് ജിങ്കനും, ജിറോണാ ക്യപ്റ്റന്‍ അലക്സ് സെറാനോയും, മെല്‍ബണ്‍ ക്യാപ്റ്റന്‍ സ്കോട്ട് ജെമീസണും കേരളാ വേഷം ധരിച്ചെത്തിയത്.
മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ടൂര്‍ണ്ണമെന്റിന് വേണ്ടി ജിറോണാ ടീം ഇന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിയത്. വൈകീട്ട് ഏഴിന് ടീം കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും. 27ന് ജിറോണ, മെല്‍ബണ്‍ സിറ്റിയെയും 28ന് കേരളാ ബ്ലാസ്റ്റേഴ്സിനെയും നേരിടും.