SHARE

ആ​ഗ്രഹിച്ചതെല്ലാം കൈയ്യകലത്തിൽ തട്ടിത്തെറിച്ചുപോകുന്നത് നെതർലൻഡ്സ് ഫുട്ബോൾ ടീമിനിപ്പോൾ ശീലമായിക്കഴിഞ്ഞു. ടീം എന്ന നിലയിൽ അവർ നേരിടുന്ന ആ ദൗർഭാ​ഗ്യം വ്യക്തി​ഗത താരങ്ങളെന്ന നിലയിൽ അവരുടെ സൂപ്പർ താരങ്ങളും നേരിടുന്നുണ്ട്. ഇന്നലെ വിരമിച്ച വെസ്ലി സ്നൈഡറടക്കം കരിയർ അവസാനിപ്പിച്ചത് അർഹിച്ച പല അം​ഗീകാരങ്ങളും കൈയ്യകലത്തിൽ നഷ്ടമായശേഷം

ഒരിടവേളയ്ക്ക് ശേഷം നെതർലൻഡ് ഫുട്ബോൾ ടീമിനെ ലോകഫുട്ബോളിന്റെ നെറുകൈയ്യിലേക്കുയർത്തിയ ഒരു സുവർണ തലമുറയുടെ അവസാനമാണ് സ്നൈഡറിലൂടെ പൂർണമായത്. 2010 ലോകകപ്പിൽ നെതർലൻഡ്സ് ടീമിനെ ഫൈനലിലേക്ക് നയിച്ചതിൽ ഈ മധ്യനിരമാന്ത്രികന്റെ പങ്ക് വളരെ വലുതാണ്. ക്വാർട്ടറിൽ ബ്രസീലിനേയും സെമിയിൽ യുറു​ഗ്വെയേയും ഓറഞ്ചുപട തകർത്തപ്പോൾ കളിയിലെ താരമായത് സ്നൈഡറായിരുന്നു.

ടൂർണമെന്റിൽ അഞ്ച് ​ഗോൾ നേടിയ സ്നൈഡർ മികച്ച ​മൂന്നാമത്തെ ​ഗോൾവേട്ടക്കാരനുള്ള ബ്രോൺസ് ബൂട്ട് സ്വന്തമാക്കി. രണ്ടാമത്തെ മികച്ച താരത്തിനുള്ള സിൽവർ ബോളും സ്നൈഡറിനായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് ക്ലബ് തലത്തിൽ ഇന്റർ മിലാനൊപ്പം ചാമ്പ്യൻസ് ലീ​ഗും സെരി എയും കോപ്പാ ഇറ്റാലിയയും നേടിയിരുന്നു സ്നൈഡർ.

ഇത്രയും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും ബാലൺ ​ദി ഓർ പുരസ്കാരത്തിനോ യുവേഫ പുരസ്കാരത്തിനോ ആ വർഷം സ്നൈഡർ അർഹനായില്ലെന്നത് ഇപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തുന്നു. യുവേഫയുടെ മികച്ച മധ്യനിരതാരമെന്നതാണ് ആകെ കിട്ടിയ ഒരു അം​ഗീകാരം. സ്നൈഡർ വിരമിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റവുമധികം ചോദിക്കുന്നതും ഇതേക്കുറിച്ച് തന്നെയാണ്

അം​ഗീകാരങ്ങളുടെ എണ്ണമെടുത്തല്ല ഒരു താരത്തെ വിലയിരുത്തേണ്ടത് എന്ന തത്ത്വമനുസരിച്ച് ലോകഫുട്ബോളിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് സ്നൈഡർ. ആര്യൻ റോബൻ, റോബിൻ വാൻപേഴ്സി തുടങ്ങിയവർക്കൊപ്പം ഡച്ച് ഫുട്ബോളിനെ പുനരുജ്ജീവിപ്പിച്ച സൂപ്പർ താരമാണ് സ്നൈഡർ. റോബനേയും വാൻപേഴ്സിയേയും പോലെ അർ​ഹിക്കുന്ന അം​ഗീകാരം ലഭിക്കാതെ സ്നൈഡറും ബൂട്ടഴിക്കുമ്പോൾ അവസാനിക്കുന്ന ഡച്ച് ഫുട്ബോളിലെ ഒരു സുവർണാധ്യായമാണ്.