SHARE

2018 ജൂലൈ ഒന്ന് എന്ന ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തിയത് ​ഗോൾവലയക്ക് മുന്നിൽ നെഞ്ചുവിരിച്ചുനിന്ന മൂന്ന് ​ഗോൾക്കീപ്പർമാരുടെ പേരിലായിരിക്കും. റഷ്യയുടെ ഇ​ഗോർ അക്കിൻഫീവ്, ഡെന്മാർക്കിന്റെ കാസ്പർ ഷ്മൈക്കൽ, ക്രൊയേഷ്യയുടെ ഡാനിയൽ സുബാസിച്ച് എന്നിവർ ഷൂട്ടൗട്ടിൽ തിളങ്ങിയപ്പോൾ ലോകകപ്പിൽ നടന്നത് അട്ടിമറിയും ആവേശ നിറഞ്ഞ മത്സരവും. എന്നാൽ ഇതിന് മുമ്പ് തന്നെ ജൂലൈ ഒന്ന് ​ഗോളിയുടെ ദിവസമാണെന്ന് തെളിയിച്ചയാളാണ് പോർച്ചു​ഗലിന്റെ റിക്കാർഡോ.

2006-ൽ ജർമനിയിൽ നടന്ന ലോകകപ്പിന്റെ സെമിയിലെത്തിയ പറങ്കിപ്പടയുടെ കാവൽക്കാരനായിരുന്നു റിക്കാർഡോ. അന്ന് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷൂട്ടൗട്ടിൽ റിക്കാർഡോയുടെ മിന്നുന്ന പ്രകടനം. ഇം​ഗ്ലീഷ് നിരയിലെ വിശ്വസ്തരായ സ്റ്റീവൻ ജറാർഡ്, ഫ്രാങ്ക് ലാംപാർഡ്, ജെയ്മി കാര​ഗർ എന്നിവരുടെ കിക്കുകൾ റിക്കാർഡോ തടുത്തിട്ടു. അത് ആദ്യമായാണ് ലോകകപ്പിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ​ഗോളി മൂന്ന് കിക്കുകൾ തടുക്കുന്നത്.

-Advertisement-

12 വർഷങ്ങൾക്കിപ്പുറം റഷ്യയിൽ മറ്റൊരു ജൂലൈ ഒന്നിന് ക്രൊയേഷ്യയുടെ സുബാസിച്ച് ഷൂട്ടൗട്ടിൽ മൂന്ന് ഡാനിഷ് താരങ്ങളുടെ കിക്ക് തടുത്തിട്ടു. റിക്കാർഡോയ്ക്ക് ശേഷം ആദ്യമായി ഈ നേട്ടം സുബാസിച്ച് കൈവരിച്ചു, അതും അതേ ദിവസം എന്നത് യാദൃശ്ചികം. ഷൂട്ടൗട്ടിൽ രണ്ടും, അധികസമയത്ത് ലൂക്കാ മോഡ്രിച്ചിന്റെ ഒന്നും ചേർത്ത് മൂന്ന് പെനാൽറ്റികൾ ഡെന്മാർക്കിന്റെ ഷ്മൈക്കലും ഇന്നലെ തടുത്തിട്ടു. കോക്കെ, ഇയാ​ഗോ ആസ്പാസ് എന്നിവരുടെ കിക്കുകൾ തട്ടിയകറ്റിയാണ്, അക്കിൻഫീവ് റഷ്യക്ക് വിജയം സമ്മാനിച്ചത്.