SHARE

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റ് മൂന്ന് താരങ്ങൾ കൂടി പാസായി. പേസ് ബൗളർമാരായ സിദ്ധാർത്ഥ് കൗൾ, ജസ്പ്രീത് ബുംറ, സുരേഷ് റെയ്ന എന്നിവരാണ് ബെംഗളൂരുവിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റ് പാസായത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള മറ്റ് ഇന്ത്യൻ ടീമംഗങ്ങളും ടെസ്റ്റിനുണ്ടായിരുന്നെങ്കിലും ഇവരിൽ യോ-യോ ടെസ്റ്റ് പാസായവർ ആരൊക്കെയാണെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ബിസിസിഐ യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് താനുൾപ്പെടെ മൂന്ന് താരങ്ങൾ യോ-യോ ടെസ്റ്റ് പാസായെന്ന വാർത്ത ട്വിറ്ററിലൂടെ സിദ്ധാർത്ഥ് കൗൾ പുറത്ത് വിടുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന/ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലെ നിർണായക താരങ്ങളാണ് നിലവിൽ യോ-യോ ടെസ്റ്റ് പാസായിരിക്കുന്ന കൗൾ, ബും റ, എന്നിവർ. അതേ സമയം ഇംഗ്ലണ്ടിനെതിരെയും, അയർലൻഡിനെതിരെയും നടക്കുന്ന ടി20 പരമ്പരകൾക്കുള്ള ടീമിൽ മാത്രമാണ് റെയ്നയുള്ളത്.

ഈ മാസം ഇരുപത്തിയേഴാം തീയതിയാണ് അയർലൻഡിനെതിരായ രണ്ട് മത്സര ടി20 പരമ്പര ആരംഭിക്കുക. ജൂലൈ മൂനിന് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയും, ശേഷം പന്ത്രണ്ടാം തീയതി അവർക്കെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കും തുടക്കമാകും.